ഇന്ന് മഹാ ശിവരാത്രി; ഒരു തവണയെങ്കിലും മഹാ മൃത്യുഞ്ജയ സ്തോത്രം ജപിച്ചോളൂ ഉത്തമ ഫലം നിശ്ചയം


ഇന്ന് മഹാ ശിവരാത്രി.. ശിവപ്രീതിക്കായി അനുഷ്ഠിക്കുന്ന എട്ടുവ്രതങ്ങളിൽ ഒന്നാണ് ശിവരാത്രി വ്രതം. മഹാവ്രതം എന്നറിയപ്പെടുന്ന ഈ അനുഷ്ഠാനം വർഷത്തിലൊരിക്കൽ മാത്രമാണ് വരാറ്.

സകലപാപങ്ങളെയും ഇല്ലാതാക്കുന്ന ശിവരാത്രി വ്രതത്തിലൂടെ കുടുംബത്തിൽ ഐശ്വര്യവും അഭിവൃദ്ധിയും കളിയാടുമെന്നാണ് വിശ്വാസം. അതുകൊണ്ടാണ് മറ്റ് വ്രതങ്ങളൊന്നും അനുഷ്ഠിക്കാത്തവര്‍ ശിവരാത്രിവ്രതം മാത്രം അനുഷ്ഠിച്ചാല്‍ സകലവ്രതങ്ങളുമനുഷ്ഠിച്ച ഫലമുണ്ടാകുമെന്ന് പറയുന്നത്.

ഭക്തിയോടുകൂടിയുള്ള വ്രതാനുഷ്ഠാനം അവനവന് മാത്രമല്ല ജീവിതപങ്കാളിയ്ക്കും ദീര്‍ഘായുസ്സുണ്ടാവാൻ ഉത്തമമാണ്. കുംഭമാസത്തിലെ കൃഷ്ണചതുർദ്ദശി തിഥിയിലാണ് ഈ വ്രതാനുഷ്ഠാനം. ഈ മാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്. ശിവഭക്തർക്ക് വളരെ പ്രധാനപ്പെട്ട ഉത്സവമാണിത്.

കൂവളത്തിന്റെ ഇലകൾ ശിവന് അർപ്പിക്കുന്നതും ഉപവാസമനുഷ്ടിക്കുന്നതും രാത്രി ഉറക്കമിളക്കുന്നതുമൊക്കെയാണ് ഈ ദിവസത്തെ പ്രധാന ആചാരങ്ങൾ. ശിവലിംഗത്തെ പാലും തേനും കൊണ്ട് അഭിഷേകം ചെയത് ആരാധിക്കുന്നതും ഉത്തമമാണ് . രോഗദുരിതത്തിൽ പെട്ട് ഉഴലുന്നവർക്ക് ശിവരാത്രി ദിവസം ശിവനെ പ്രീതിപ്പെടുത്തുവാനുള്ള മഹാ മൃത്യുഞ്ജയ സ്തോത്രം ജപിച്ചാൽ ഇരട്ടിഫലം ലഭിക്കുമെന്നാണ് വിശ്വാസം.

എല്ലാത്തിനും ഉപരി ശിവരാത്രി ദിനം ശിവനെ ആരാധിക്കുന്നത് വിവാഹിതരായ സ്ത്രീകളുടെ ദാമ്പത്യ പ്രശ്‌നങ്ങള്‍ അകലുന്നതിനും ഭര്‍ത്താവിന്റെ ആയുസ്സ് വര്‍ദ്ധിക്കുവാനും ഉത്തമമാണ്.  വിവാഹിതരായ സ്ത്രീകള്‍ ശിവനോടൊപ്പം പാര്‍വതിദേവിയെയും ആരാധിക്കണം. ശിവരാത്രി ദിവസം ക്ഷേത്രത്തില്‍ പോയി ശിവലിംഗത്തിൽ വെള്ളം അര്‍പ്പിക്കുക. ശേഷം പാല്‍, തൈര്, നെയ്യ്, തേന്‍, പഞ്ചസാര എന്നിവ വാഗ്ദാനം നടത്തുക.

ശേഷം ശിവലിംഗം ശുദ്ധമായ വെള്ളത്തില്‍ വൃത്തിയാക്കിയ ശേഷം പാല്‍ അര്‍പ്പിച്ച് വീണ്ടും വെളളം കൊണ്ട് കഴുകിയ ശേഷം  ശിവലിംഗത്തില്‍ ചന്ദനം പുരട്ടുക.  ശേഷം പഴങ്ങളും പൂക്കളും അര്‍പ്പിക്കണം.  അതുകഴിഞ്ഞ് ശിവലിംഗത്തിന് മുന്നില്‍ നെയ്യ് വിളക്ക് കത്തിച്ച് ശിവന്റെ മന്ത്രം ചൊല്ലുക. ഈ ദിവസം മുഴുവന്‍ പഴങ്ങളും പാലും മാത്രം കഴിച്ച് വ്രതം എടുക്കാൻ സാധിച്ചാൽ ഉത്തമഗുണം ഫലം.