സ്ഥാനാർഥി മാറ്റം അംഗീകരിക്കില്ല, വടകര തനിക്ക് വേണമെന്ന നിലപാടില്‍ കെ മുരളീധരന്‍: യാത്ര മാറ്റിവെച്ചു


കോഴിക്കോട്: ലോക്‌സഭ തിരഞ്ഞെടുപ്പില്‍, താന്‍ ഇപ്പോള്‍ പ്രതിനീധികരിക്കുന്ന വടകര മണ്ഡലം തന്നെ മത്സരിക്കാന്‍ വേണമെന്ന നിലപാട് സ്വീകരിച്ച് കെ മുരളീധരന്‍. തൃശ്ശൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നു എന്ന വാര്‍ത്തകള്‍ വരുന്നതിനിടെയാണ് മുരളീധരന്‍ ഈ നിലപാട് സ്വീകരിച്ചിരിക്കുന്നത്.

നിലവിലെ സാഹചര്യത്തില്‍ കോഴിക്കോട് നിന്ന് വടകരയിലേക്കുള്ള യാത്ര മുരളീധരന്‍ മാറ്റിവെച്ചു. വടകര മത്സരിക്കണമെന്ന് മുരളീധരന്‍ നേതൃത്വത്തെ അറിയിച്ചു. വടകര തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ മറ്റന്നാള്‍ നടക്കാനിരിക്കെയുള്ള സ്ഥാനാര്‍ത്ഥി മാറ്റം അംഗീകരിക്കാവില്ലെന്നാണ് മുരളീധരന്റെ നിലപാട്.

പി ജയരാജനായിരുന്നു കഴിഞ്ഞ തവണ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. ജയരാജനെ കാത്തിരുന്നത് കനത്ത പരാജയമായിരുന്നു. 84,663 വോട്ടിന്റെ ഭൂരിപക്ഷത്തിന് അവസാന നിമിഷം സ്ഥാനാര്‍ത്ഥിയായി എത്തിയ കെ മുരളീധരന്‍ ജയരാജനെ പരാജയപ്പെടുത്തി.

2014ല്‍ 3,306 വോട്ടിന് മാത്രം ഷംസീര്‍ പരാജയപ്പെട്ട വടകരയില്‍ ജയരാജന്റെ കനത്ത പരാജയം സിപിഐഎം കേന്ദ്രങ്ങളെയും ഞെട്ടിച്ചിരുന്നു. സിപിഐഎമ്മിന്റെ ശക്തി കേന്ദ്രങ്ങളായ തലശ്ശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളില്‍ നിന്നുപോലും പ്രതീക്ഷിച്ച ഭൂരിപക്ഷം ജയരാജന് ലഭിച്ചിരുന്നില്ല.