കേരളത്തെ ഞെട്ടിച്ച് കട്ടപ്പനയിലെ സംഭവം,പ്രതികള്‍ താമസിച്ചിരുന്ന വീട്ടില്‍ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി
ഇടുക്കി: കട്ടപ്പനയില്‍ മോഷണ കേസിലെ പ്രതികള്‍ ഇരട്ടകൊലപാതകം നടത്തിയെന്ന കേസില്‍ പ്രതികളെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ്. തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്നതിനാലാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്. റിമാന്‍ഡിലുള്ള പ്രതി നിതീഷിനെ കസ്റ്റഡിയില്‍ വിട്ടു കിട്ടിയാല്‍ വിശദമായി ചോദ്യം ചെയ്യും. അതിന് ശേഷം തെളിവെടുപ്പ് നടത്തിയേക്കും.
കസ്റ്റഡിയില്‍ കിട്ടിയാല്‍ വൃദ്ധനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്ന് സംശയിക്കുന്ന കാഞ്ചിയാറിലെ വീട്ടില്‍ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തും. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള പ്രതി വിഷ്ണുവിനെയും കസ്റ്റഡിയില്‍ വാങ്ങും. പ്രതികള്‍ താമസിച്ചിരുന്ന വീട്ടില്‍ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. കൊലപാതകം നടന്നോയെന്ന് കണ്ടെത്താന്‍ വീടിന്റെ തറയടക്കം പൊളിച്ചു പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം.
ഇടുക്കി കട്ടപ്പനയില്‍ ആഭിചാര കൊലയെന്നാണ് സംശയം. നവജാത ശിശുവിനെയും വൃദ്ധനെയും കൊലപ്പെടുത്തിയതായാണ് പൊലീസിന് വിവരം ലഭിച്ചിരിക്കുന്നത്. മോഷണ കേസിലെ പ്രതികളെ കുറിച്ചുള്ള അന്വേഷണത്തനിടിയിലാണ് ഇരട്ടക്കൊലപാതകം സംബന്ധിച്ച സൂചനകള്‍ ലഭിച്ചത്.
കട്ടപ്പനയിലെ വര്‍ക്ക് ഷോപ്പില്‍ മോഷണം നടന്നതുമായി ബന്ധപ്പെട്ടുള്ള അന്വേഷണമാണിപ്പോള്‍ വഴിത്തിവിലെത്തിയിരിക്കുന്നത്. കട്ടപ്പന സ്വദേശികളായ വിഷ്ണു വിജയന്‍, നിതീഷ് എന്നിവരാണ് മോഷണക്കേസില്‍ അറസ്റ്റിലായത്. മോഷണവുമായി ബന്ധപ്പെട്ട് കക്കാട്ടുകടയില്‍ താമസിക്കുന്ന വിഷ്ണുവിന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി. ഈ സമയത്ത് വിഷ്ണുവിന്റെ അമ്മയെയും സഹോദരിയെയും വീട്ടിനുള്ളില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഇവരെ മോചിപ്പിച്ച ശേഷം പോലീസ് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.
വീട്ടിലെ അസ്വാഭാവികമായ സാഹചര്യവും പോലീസില്‍ സംശയം ജനിപ്പിച്ചു. ഈ വീട്ടില്‍ താമസിച്ചിരുന്നു വിഷ്ണുവും നിതീഷും അമ്മയും സഹോദരിയും നാട്ടുകാരുമായി ബന്ധം സ്ഥാപിച്ചിരുന്നില്ല. വിഷ്ണുവിന്റെ സഹോദരിയില്‍ നിന്നാണ് കൊലപാതകം സംബന്ധിച്ച സൂചനകള്‍ ലഭിച്ചത്. ആറുമാസം മുമ്പ് ഇവരുടെ അച്ഛന്‍ വിജയനും നിതീഷും തമ്മിലുണ്ടായി അടിപിടിയില്‍ മരിച്ചുവെന്നാണ് മൊഴി. സംഭവം ആരെയും അറിയിക്കാതെ മൃതദേഹം വീട്ടിനുള്ളില്‍ കുഴിച്ചിട്ടുവെന്നും മൊഴി നല്‍കിയിട്ടുണ്ട്.
വിഷ്ണുവിന്റെ സഹോദരിക്ക് നിതീഷുമായുണ്ടായ ബന്ധത്തില്‍ 2016ല്‍ കുഞ്ഞ് ജനിച്ചിരുന്നു. കുഞ്ഞിനെ നാലു ദിവസം പ്രായമുള്ളപ്പോള്‍ കഴുത്തുഞെരിച്ചു കൊന്നു എന്നാണ് വിവരം. ഇത് ആഭിചാരത്തിന്റെ ഭാഗമണെന്നും സംശയമുണ്ട്. പരിക്കേറ്റ് വിഷ്ണു മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. പീരുമേട് സംബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നിതീഷിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്ത ശേഷം വീടിനുള്ളില്‍ കുഴിച്ച് പരിശോധിക്കാനാണ് പോലീസിന്റെ തീരുമാനം. നിതീഷ് പൂജാരിയാണ്. നിതീഷിനെ കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ പൊലീസ് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.