കുറഞ്ഞ പലിശ നിരക്കിൽ ഉയർന്ന വായ്പ നേടാം, ഓൺലൈൻ വായ്പ തട്ടിപ്പിന് ഇരയായ വീട്ടമ്മയ്ക്ക് നഷ്ടമായത് ലക്ഷങ്ങൾ
കോട്ടയം: ഓൺലൈനായി വായ്പ വാഗ്ദാനം ചെയ്തത് വീട്ടമ്മയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ രണ്ട് പ്രതികൾ പോലീസിന്റെ വലയിൽ. 2 ലക്ഷം രൂപയാണ് വീട്ടമ്മയിൽ നിന്നും തട്ടിയെടുത്തത്. കേസുമായി ബന്ധപ്പെട്ട് എറണാകുളം ഫോർട്ട് കൊച്ചി സ്വദേശി നഹാസ് എ.കെ, പള്ളുരുത്തി തങ്ങൾ നഗർ സ്വദേശി സാദത്ത് പി.ടി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഭരണങ്ങാനം സ്വദേശിനിയായ വീട്ടമ്മയാണ് തട്ടിപ്പിന് ഇരയായത്.
ഫേസ്ബുക്കിൽ വായ്പ പരസ്യം കണ്ടാണ് വീട്ടമ്മ ഓൺലൈനായി ലോണിന് അപേക്ഷ നൽകിയത്. കുറഞ്ഞ പലിശ നിരക്കിൽ അഞ്ച് ലക്ഷം രൂപ വരെ പലിശ നൽകാമെന്നാണ് തട്ടിപ്പ് സംഘത്തിന്റെ വാഗ്ദാനം. വായ്പ ലഭിക്കാൻ പ്രോസസിംഗ് ഫീസും, മറ്റും നൽകേണ്ടതിനാൽ വീട്ടമ്മയിൽ നിന്ന് പണം കൈപ്പറ്റുകയായിരുന്നു. പിന്നീട് ഈടായും, പെനാൽറ്റിയായും പണം വേണമെന്ന് ആവശ്യപ്പെട്ടു. ഇങ്ങനെ ഒന്നിലധികം ഘട്ടങ്ങളിലായി 2 ലക്ഷം രൂപയാണ് യുവാക്കൾ വീട്ടമ്മയിൽ നിന്ന് കൈക്കലാക്കിയത്.
ലോൺ ലഭിക്കാൻ നിരന്തരം പണം ആവശ്യപ്പെട്ടതോടെ സംശയം തോന്നിയ വീട്ടമ്മ ഉടൻ പോലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഇരുവരെയും കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്.