കൊല്ലം: കൊല്ലത്ത് ആയൂരിൽ കോളജ് വിദ്യാർഥി സംഘത്തിന് നേരെ സദാചാര ഗുണ്ടാ ആക്രമണം നടത്തിയ രണ്ട് പ്രതികളെ പിടികൂടി പോലീസ്. ആയൂർ സ്വദേശികളായ അൻവർ സാദത്തും ബൈജുവുമാണ് ചടയമംഗലം പോലീസിന്റെ പിടിയിലായത്. ആയൂരിൽ സുഹൃത്തിന്റെ ജന്മദിന വിരുന്നിൽ പങ്കെടുക്കാനെത്തിയ വിദ്യാർഥികളാണ് മദ്യപസംഘത്തിൻ്റെ ആക്രമണത്തിന് ഇരയായത്.
പാർട്ടിയിൽ പങ്കെടുത്തശേഷം സുഹൃത്തിന്റെ നിർദേശപ്രകാരം കുഴിയത്തെ ആയിരവല്ലിപ്പാറ സന്ദർശിക്കാൻ എത്തിയതായിരുന്നു വിദ്യാർഥിനികൾ ഉൾപ്പെടയുള്ള സംഘം. ഇതിന് സമീപം മദ്യപിച്ചുകൊണ്ടിരുന്ന മൂന്നുപേർ വിദ്യാർഥികളെ അസഭ്യം പറഞ്ഞ് ചോദ്യം ചെയ്തു. ആൺകുട്ടികളെ കമ്പ് ഉപയോഗിച്ച് മുതുകിൽ മർദിച്ചു. തടയാൻ ശ്രമിച്ച വിദ്യർഥിനികളെ ദേഹത്ത് പിടിച്ച് തള്ളി. നാട്ടുകാർ വിവരം അറിയിച്ച് പോലീസ് എത്തിയപ്പോഴേക്കും പ്രതികൾ ഓടി രക്ഷപ്പെട്ടു.
ചടയമംഗലം സി.ഐയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് രണ്ട് പ്രതികൾ പിടിയിലായത്. ഒരാൾ ഒളിവിലാണ്. സ്ത്രീത്വത്തെ അപമാനിച്ചത് അടക്കം ജ്യാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത പോലീസ് പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.