ജനപ്രീതി നേടി ‘റീൽസ്’! ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഡൗൺലോഡ് ചെയ്ത ആപ്പായി ഇൻസ്റ്റഗ്രാം, പിന്തള്ളിയത് ടിക്ടോക്കിനെ


ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഡൗൺലോഡ് ചെയ്ത ആപ്പ് എന്ന ബഹുമതി നേടി ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ഇൻസ്റ്റഗ്രാം. പ്രമുഖ ചൈനീസ് ആപ്പായ ടിക്ടോക്കിനെ മറികടന്നാണ് ഇൻസ്റ്റഗ്രാം ഒന്നാം സ്ഥാനത്തേക്ക് കുതിച്ചുയർന്നത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2023-ൽ 76.7 കോടി ആളുകളാണ് ഇൻസ്റ്റഗ്രാം ഡൗൺലോഡ് ചെയ്തിട്ടുള്ളത്. മുൻ വർഷത്തേക്കാൾ 20 ശതമാനം വർദ്ധനവ് നേടാൻ ഇൻസ്റ്റഗ്രാമിന് സാധിച്ചിട്ടുണ്ട്. അതേസമയം, 73.3 കോടി ആളുകളാണ് ടിക്ടോക്ക് ഡൗൺലോഡ് ചെയ്തിട്ടുള്ളത്.

2010-ലാണ് ഇൻസ്റ്റാഗ്രാം ആദ്യമായി പുറത്തിറക്കിയത്. ആദ്യ കാലങ്ങളിൽ മികച്ച പ്രതികരണം നേടാൻ സാധിച്ചിരുന്നെങ്കിലും, ടിക്ടോക്കിന്റെ വരവോടെ ഇൻസ്റ്റഗ്രാമിന്റെ ജനപ്രീതി കുറയുകയായിരുന്നു. 2018 മുതൽ 2022 വരെയുള്ള കാലയളവിൽ വലിയ രീതിയിലുള്ള തരംഗമാണ് ടിക്ടോക്ക് സൃഷ്ടിച്ചത്. എന്നാൽ, ടിക്ടോക്കിന്റെ വെല്ലുവിളി മറികടക്കുന്നതിനായി റീൽസ് എന്ന ഷോർട്ട് വീഡിയോ കമ്പനി അവതരിപ്പിച്ചു. ഈ സേവനമാണ് യുഎസിൽ ഇൻസ്റ്റഗ്രാമിന് വീണ്ടും സ്വീകാര്യത നേടിയെടുക്കാൻ സഹായിച്ച പ്രധാന ഘടകം.

ഇൻസ്റ്റഗ്രാമിന് പ്രതിമാസം 150 കോടി സജീവ ഉപഭോക്താക്കളാണ് ഉള്ളത്. അതേസമയം, ടിക്ടോക്കിന് 110 കോടിക്ക് മുകളിൽ സജീവ ഉപഭോക്താക്കൾ ഉണ്ട്. ഇന്ത്യ അടക്കമുള്ള നിരവധി രാജ്യങ്ങൾ ടിക്ടോക്കിന് നിരോധം ഏർപ്പെടുത്തിയിരിക്കുകയാണ്. രാജ്യ സുരക്ഷയെ മുൻനിർത്തിയാണ് ടിക്ടോക്കിനെ നിരോധിച്ചത്.