‘അടിവരയിട്ട് പറയുന്നു, സിഎഎ കേരളത്തിലും നടപ്പാക്കും’: പിണറായിക്ക് മറുപടിയുമായി സന്ദീപ് വാര്യർ


തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് ആവർത്തിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ. സിഎഎ കേരളത്തിലും നടപ്പാക്കുമെന്നും അടിവരയിട്ട് താൻ പറയുകയാണെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു. കേന്ദ്ര സര്‍ക്കാര്‍ നിയമം പ്രാബല്യത്തിലായെന്ന് അറിയിച്ച് വാര്‍ത്താക്കുറിപ്പ് പുറത്തുവിട്ടതിന് പിന്നാലെയായിരുന്നു പിണറായിയുടെ പ്രതികരണം. വർഗീയ വിഭജന നിയമത്തെ കേരളം ഒന്നിച്ച് എതിർക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം മുസ്ലിം ന്യൂനപക്ഷങ്ങളെ രണ്ടാം തരം പൗരൻമാരായി കണക്കാക്കുന്നതാണ് പൗരത്വ നിയമ ഭേദഗതി നിയമമെന്നും വിമര്‍ശിച്ചിരുന്നു.

സംഘപരിവാറിന്റെ ഹിന്ദുത്വ വർഗ്ഗീയ അജണ്ടയുടെ ഭാഗമായി മാത്രമേ ഇതിനെ കാണാൻ കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് 2014 ഡിസംബർ 31 നോ അതിന് മുമ്പോ ഇന്ത്യയിലേക്ക് കുടിയേറിയ മുസ്ലിം ഇതര മത വിഭാഗങ്ങളിൽപെട്ടവർക്ക് പൗരത്വം നൽകുകയും ഇസ്ലാം മതവിശ്വാസികൾക്ക് മാത്രം പൗരത്വം നിഷേധിക്കുകയും ചെയ്യുന്നത് ഭരണഘടനയുടെ നഗ്നമായ ലംഘനമാണ്. മതാടിസ്‌ഥാനത്തിൽ ഇന്ത്യൻ പൗരത്വത്തെ നിർവ്വചിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇത് മാനവികതയോടും രാജ്യത്തിന്റെ പാരമ്പര്യത്തോടും ജനങ്ങളോടുമുള്ള തുറന്ന വെല്ലുവിളിയാണ് എന്നായിരുന്നു പിണറായി പറഞ്ഞത്.

പിന്നാലെ, പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമുയരണമെന്ന് ആഹ്വാനം ചെയ്ത് സിപിഎം രംഗത്തെത്തി. ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനം മുന്നോട്ടുവച്ച കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തിലാണ് മതനിരപേക്ഷ രാഷ്ട്രമായി ഇന്ത്യ രൂപപ്പെട്ടത്. ആ കാഴ്ചപ്പാടുകളെ ആകെ തകർത്ത് രാജ്യത്തെ മതരാഷ്ട്രമാക്കി മാറ്റാനുള്ള പ്രവർത്തനത്തിന്റെ ഭാഗമാണ് പൗരത്വഭേദഗതി നിയമമെന്ന് സിപിഎം ചൂണ്ടിക്കാട്ടി.