അല്ലു അർജുന് ജയ് വിളിക്കണം: യുവാവിനെ ആരാധകർ ക്രൂരമായി ആക്രമിച്ചു


ബെംഗളൂരു: അല്ലു അർജുന് ജയ് വിളിക്കണമെന്നാവശ്യപ്പെട്ട് യുവാവിനെ മർദ്ദിച്ച് ആരാധകർ. ബംഗളൂരുവിലാണ് സംഭവം. സിറ്റിക്കടുത്ത കെ.ആർ പുരത്താണ് അല്ലു അർജുന് ജയ് വിളിക്കണമെന്നാവശ്യപ്പെട്ട് ഒരു സംഘമാളുകൾ ചേർന്ന് ഒരു യുവാവിനെ മർദിച്ചത്. യുവാവിന്റെ മുഖത്തടക്കം പരിക്കേറ്റുവെന്നാണ് റിപ്പോർട്ട്. ഇതിന്റെ ദൃശ്യങ്ങൾ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ ചർച്ചയാകുകയാണ്.

വീഡിയോ പ്രചരിക്കുന്നത് ബെംഗളൂരു സിറ്റി പോലീസിനെ ടാഗ് ചെയ്തുകൊണ്ടാണ്. ഇത്തരം അക്രമങ്ങൾ നടത്തുന്നവർക്കെതിരെ പോലീസ് ശക്തമായ നടപടിയെടുക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്. ഇത്തരംകാര്യങ്ങൾ ഒരിക്കലും വെച്ചുപൊറുപ്പിക്കരുതെന്നും ഇവർ വ്യക്തമാക്കുന്നു.

തെലുങ്കിലെ മറ്റൊരു സൂപ്പർതാരമായ പ്രഭാസിന്റെ ആരാധകനാണ് മർദനമേറ്റതെന്നും പ്രഭാസിന്റെയും അല്ലു അർജുന്റെയും ആരാധകർ തമ്മിലുള്ള സംഘർഷമാണ് നടന്നതെന്ന വിവരവും പുറത്തു വരുന്നുണ്ട്.