പൗരത്വഭേദഗതി നിയമം നിലവിൽ വന്നു: വിജ്ഞാപനം പുറത്തിറങ്ങി, കോൺഗ്രസിന്റെ ആദ്യ പ്രതികരണം പുറത്ത്



ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ നിലവില്‍ വന്നു. 2019-ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ പൗരത്വഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തതോടെ നിയമം പ്രാബല്യത്തിലായി. പിന്നാലെ പ്രതികരണവുമായി കോൺഗ്രസ്. തെരഞ്ഞെടുപ്പുകളെ ധ്രുവീകരിക്കാനുള്ള ഭാരതീയ ജനതാ പാർട്ടിയുടെ ഏറ്റവും പുതിയ നീക്കമാണ് ഇതെന്നാണ് കോൺഗ്രസ് നേതാവ് ജയറാം രമേഷ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ എഴുതിയത്.

2019 ഡിസംബറിൽ പാർലമെൻ്റ് പാസാക്കിയെങ്കിലും പൗരത്വ ഭേദഗതി നിയമത്തിൻ്റെ നിയമങ്ങൾ അറിയിക്കാൻ ബി.ജെ.പി നാല് വർഷത്തിലേറെ സമയമെടുത്തുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എക്‌സിൽ എഴുതി. സിഎഎയുടെ നിയമങ്ങൾ അറിയിക്കാൻ എടുത്ത സമയം പ്രധാനമന്ത്രിയുടെ നഗ്നമായ നുണകളുടെ മറ്റൊരു പ്രകടനമാണ് എന്നദ്ദേഹം ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിന് മുമ്പുള്ള സമയം തെരഞ്ഞെടുപ്പുകളെ ധ്രുവീകരിക്കാൻ രൂപകൽപ്പന ചെയ്തതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ ആറ് ന്യൂനപക്ഷ മതവിഭാഗത്തില്‍ പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനുള്ള നടപടികള്‍ ആണ് കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. പൗരത്വത്തിനുള്ള അപേക്ഷകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉടന്‍ സ്വീകരിച്ചു തുടങ്ങും. കേരളം അടക്കം ഏഴ് സംസ്ഥാനങ്ങൾ ഇത് നടപ്പാക്കുന്നതിനെതിരെ പ്രമേയം പാസാക്കിയിരുന്നു. ഇതിനുള്ള ഓൺലൈൻ പോർട്ടൽ സജ്ജമായതായും ട്രയൽ റൺ നടക്കുന്നതായുമുള്ള വിവരങ്ങൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇത് സംബന്ധിച്ച ചട്ടങ്ങൾ പുറപ്പെടുവിച്ച് നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.