തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 21 ലക്ഷം രൂപയുടെ സ്വർണവുമായാണ് യുവാവിനെ കസ്റ്റംസ് അധികൃതർ പിടികൂടിയത്. അടുക്കള ഉപകരണങ്ങളിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. എയർ ഇന്ത്യ എക്സ്പ്രസിൽ വിദേശത്ത് നിന്ന് എത്തിയ യുവാവിൽ നിന്നാണ് ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണം പിടിച്ചെടുത്തത്.
ഓട്സ് നിറച്ച ടിൻ, പച്ചക്കറി അരിയുന്ന കത്തികൾ, ഗ്ലാസുകൾ തുടങ്ങിയവയിൽ ഉൾപ്പെടെ സ്വർണം ഉരുക്കി ഒഴിച്ച ശേഷം അതിവിദഗ്ധമായാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഇയാളിൽ നിന്നും 324.14 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. രഹസ്യ വിവരത്തെ തുടർന്ന് വിമാനത്താവളത്തിൽ കസ്റ്റംസ് അധികൃതർ പരിശോധന കർശനമാക്കുകയായിരുന്നു. അതേസമയം, 6 യാത്രക്കാരിൽ നിന്ന് 25 ലക്ഷം രൂപ വിലവരുന്ന വിദേശ നിർമ്മിത സിഗരറ്റുകളും പിടിച്ചെടുത്തിട്ടുണ്ട്. ചെക്ക് ഇൻ ബാഗുകളിലായി എത്തിച്ച 1,48,230 സിഗരറ്റുകളാണ് ഇത്തരത്തിൽ പിടികൂടിയത്.