രാഷ്ട്രപതി ഒപ്പുവച്ചു, ഏക സിവില്‍ കോഡ് ഇനി നിയമം : വിശദാംശങ്ങള്‍ ഇങ്ങനെ


ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് നിയമസഭ പാസാക്കിയ ഏക സിവില്‍ കോഡ് ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. ഇതോടെ യുസിസി ഉത്തരാഖണ്ഡ് ബില്‍ നിയമമായി. ഇനി ഈ നിയമം സംബന്ധിച്ച നോട്ടിഫിക്കേഷന്‍ സംസ്ഥാനം പുറത്തിറക്കും. ഇതോടെ രാജ്യത്ത് ഏക സിവില്‍ കോഡ് നിലവില്‍ വരുന്ന ആദ്യത്തെ സംസ്ഥാനമായി ഉത്തരാഖണ്ഡ്.

ഫെബ്രുവരി ആറിനാണ് ഉത്തരാഖണ്ഡ് നിയമസഭ ഏക സിവില്‍ കോഡ് ബില്‍ പാസാക്കിയത്. വിവാഹം, വിവാഹമോചനം, ഭൂമി, സ്വത്തുക്കള്‍, പിന്തുടര്‍ച്ചാവകാശം എന്നിവയില്‍ എല്ലാ പൗരന്മാര്‍ക്കും ഒരേ നിയമം വ്യവസ്ഥ ചെയ്യുന്ന നിയമമാണ് ഏക സിവില്‍ കോഡ്. രാജ്യമാകെ നടപ്പാക്കുമെന്ന് ബിജെപി പ്രഖ്യാപിച്ച ഏക സിവില്‍ കോഡിന്റെ ആദ്യ പരീക്ഷണമാണ് ഉത്തരാഖണ്ഡില്‍ നടപ്പിലാക്കിയിരിക്കുന്നത്.

ഫെബ്രുവരി ആറിന് നിയമസഭ പാസാക്കിയ ബില്ലിന്, ഉത്തരാഖണ്ഡ് ഗവര്‍ണര്‍ ലെഫ്. ജനറല്‍ ഗുര്‍മീത് സിങ് ഫെബ്രുവരി 28ന് അംഗീകാരം നല്‍കി. തുടര്‍ന്ന് ബില്‍ പ്രസിഡന്റിന്റെ അംഗീകാരത്തിനായി അയയ്ക്കുകയായിരുന്നു. കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടതിനാല്‍ യുസിസി നിയമമാകാന്‍ രാഷ്ട്രപതിയുടെ അംഗീകാരം ആവശ്യമാണ്.

ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി സന്തോഷം അറിയിച്ചു. നിയമസഭയില്‍ ബില്ല് പാസായ ദിവസം, അധികാരത്തിലെത്തുന്നതിനും യുസിസി പാസാക്കാനും അവസരം നല്‍കിയ ജനങ്ങളോട് ധാമി നന്ദി പറഞ്ഞിരുന്നു.