ഇടുക്കി: സീതത്തോട്, ചിന്നക്കനാൽ എന്നിവിടങ്ങളിൽ വീണ്ടും ഭീതി വിതച്ച് കാട്ടാന ആക്രമണം. സീതത്തോട് മണിയാർ- കട്ടച്ചിറ റൂട്ടിൽ എട്ടാം ബ്ലോക്കിന് സമീപമാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. തുടർന്ന് റോഡിൽ നിൽക്കുകയായിരുന്ന യുവാക്കൾക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. ആനയുടെ ആക്രമണത്തിൽ കട്ടിറ സ്വദേശികളായ രഞ്ജു (25), ഉണ്ണി (20) എന്നിവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ചിന്നക്കനാലിൽ 301 കോളനിയിലാണ് കാട്ടാന ആക്രമണം ഉണ്ടായിട്ടുള്ളത്. പ്രദേശത്തുള്ള ഒരു വീട് കാട്ടാന തകർത്തിട്ടുണ്ട്. ഗോപി നാഗൻ എന്നയാളുടെ വീടാണ് തകർത്തത്. വീടിന്റെ മുൻ ഭാഗവും പിൻവശവും തകർത്തിട്ടുണ്ട്. ആക്രമണം നടക്കുമ്പോൾ വീട്ടിൽ ആൾ ഉണ്ടായിരുന്നില്ല. അതിനാൽ, വലിയ അപകടമാണ് ഒഴിവായത്. നിലവിൽ, 301 കോളനിക്ക് സമീപം തന്നെ കാട്ടാന നിലയുറപ്പിച്ചിട്ടുണ്ട്. കാട്ടാനയെ തുരത്താനുള്ള ശ്രമം തുടരുകയാണ്. അതേസമയം, കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചക്കക്കൊമ്പൻ ജനവാസ മേഖലയ്ക്ക് സമീപം ഉണ്ടെന്ന് നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ദിവസം പന്നിയാറിൽ ഇറങ്ങിയ ചക്കക്കൊമ്പൻ റേഷൻ കട തകർത്തിരുന്നു.