ഞാനൊരു ബ്ലാക്ക് ഷർട്ട് ധരിച്ചാലോ, മുടിയും താടിയും നീട്ടിവളർത്തിയാലോ അസ്വസ്ഥരാകുന്ന ആളുകള്‍: ഉണ്ണി മുകുന്ദൻ


മലയാളത്തിന്റെ പ്രിയതാരമാണ് ഉണ്ണി മുകുന്ദൻ. പലപ്പോഴും സൈബർ ആക്രമണം താരം നേരിടാറുണ്ട്. ഇപ്പോഴിതാ സിനിമയ്‌ക്ക് അകത്ത് നിന്നും പുറത്തുനിന്നും നേരിട്ട വേട്ടയാടലുകളക്കുറിച്ച്‌ ന ‘ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന്’ നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുകയാണ് ഉണ്ണി മുകുന്ദൻ.

READ ALSO: ആത്മാര്ഥതയുണ്ടോ സഖാവേ അല്പം എടുക്കാൻ : വിമർശനവുമായി ജോയ് മാത്യു

ഉണ്ണിയുടെ വാക്കുകൾ ഇങ്ങനെ,

മേപ്പടിയാനും മാളികപ്പുറത്തിനും വിമർശനങ്ങളുടെ പെരുമഴ ലഭിച്ചിരുന്നു. പലരും നിരവധി കുപ്രചരണങ്ങള്‍ നടത്തി. അതെന്തിനാണെന്ന് ഇപ്പോഴും എനിക്ക് വ്യക്തമാക്കിയിട്ടില്ല. ഞാൻ പ്രൊപ്പഗണ്ട പ്രചരിപ്പിക്കുന്നുവെന്നായിരുന്നു പ്രധാന ആരോപണം. ‘ഹിന്ദുത്വ ഭീകരൻ’ എന്നൊക്കെയുള്ള കടുത്ത വാക്കുകള്‍ പോലും എനിക്കെതിരെ ഉപയോഗിച്ചു. അതെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. മേപ്പടിയാൻ ചിത്രം പലരെയും അലോസരപ്പെടുത്തി. അതില്‍ സേവാഭാരതിയുടെ ആംബുലൻസ് ഉപയോഗിച്ചു എന്നുള്ളതായിരുന്നു പ്രധാന കാരണം. വലിയ താരങ്ങള്‍ അഭിനയിച്ച പല ചിത്രങ്ങളിലും എസ്ഡിപിഐ അടക്കമുള്ള സംഘടനകളെ കാണിച്ചിട്ടുണ്ട്. അതിലൊന്നും ആർക്കും ഒരു പ്രശ്നവും തോന്നിയിട്ടില്ല. അപ്പോള്‍ ഇക്കൂട്ടരെ എന്തൊക്കെയാണ് ചൊടിപ്പിക്കുന്നതെന്ന് ആലോചിച്ച്‌ എനിക്ക് അത്ഭുതം തോന്നിയിട്ടുണ്ട്.

വളരെ നന്നായി ചെയ്യാൻ കഴിഞ്ഞ ചിത്രമാണ് മേപ്പടിയാൻ. സംവിധായകൻ വിഷ്ണു മോഹൻ അതിന് ദേശീയ പുരസ്കാരവും സ്വന്തമാക്കി. ഒരു സാധാരണക്കാരന്റെ അശ്രാന്തപരിശ്രമങ്ങളെ വരച്ചുകാട്ടുന്ന അതിമനോഹരമായ തിരക്കഥയായിരുന്നു മേപ്പടിയാന്റേത്. യാതൊരു തരത്തിലുള്ള വയലൻസുമില്ലാത്ത വൈകാരികമായി നമ്മോടൊപ്പം സഞ്ചരിക്കുന്ന ചിത്രം. ക്രൈം പ്ലോട്ട് ഇല്ലാതെ തന്നെ നമ്മെ മുള്‍മുനയില്‍ നിർത്താൻ കഴിഞ്ഞ അപൂർവ്വം ചിത്രങ്ങളിലൊന്നാണ് മേപ്പടിയാൻ. ചിത്രത്തെ അഭിനന്ദിക്കുന്ന റിവ്യൂസ് ഒന്നും തന്നെ ഞാൻ കണ്ടിരുന്നില്ല.

സിനിമ നിർമ്മിക്കാൻ പല രാഷ്‌ട്രീയ സംഘടനകളില്‍ നിന്നും ഞാൻ പണം കൈപ്പറ്റിയെന്നായിരുന്നു പലരും പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ ഞാനെന്റെ വീട് പണയം വച്ച്‌ ചിത്രീകരിച്ച സിനിമയാണ് മേപ്പടിയാൻ. ഒരുപക്ഷെ മേപ്പടിയാൻ പരാജയപ്പെട്ടിരുന്നെങ്കില്‍ ഞാൻ എന്നെന്നേക്കുമായി കേരളം വിടേണ്ടി വന്നേനെ. സാധാരണക്കാരായ ജനങ്ങളില്‍ നിന്നും നല്ല റിവ്യൂസ് ലഭിച്ചതുകൊണ്ടാണ് ആ ചിത്രം അതിജീവിച്ചത്.

മേപ്പടിയാൻ ഇറങ്ങിയതിന് ശേഷം ഇൻഡസ്ട്രിയിലെ വളരെ പ്രശസ്തനായ ഒരു വ്യക്തി എന്നെ വിളിച്ചിരുന്നു. ഒരു മുസ്ലീമിനെ തുപ്പുന്ന സീനില്‍ എന്തിനാണ് അഭിനനയിച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. അങ്ങനെയൊരു സീൻ മേപ്പടിയാനില്‍ ഇല്ലെന്ന് പറഞ്ഞിട്ട് പോലും അദ്ദേഹം അത് വിശ്വസിച്ചില്ല.

മേപ്പടിയാൻ പുറത്തിറങ്ങി മൂന്ന് മണിക്കൂറിന് ശേഷം ഒരു പ്രത്യേക രാഷ്‌ട്രീയ പ്രത്യയശാസ്ത്രത്തിനോട് ചായ്‌വുള്ള യൂട്യൂബ് ചാനലില്‍ നിന്ന് ഒരു റിവ്യൂ പോസ്റ്റ് ചെയ്തിരുന്നു. ആ യൂട്യൂബർ അയാളുടെ അനുമാനങ്ങള്‍ മാത്രം വച്ചായിരുന്നു വീഡിയോ പങ്കുവച്ചത്. ഏകദേശം മൂന്ന് ലക്ഷത്തോളം പേർ ആ വീഡിയോ കണ്ടു. മേപ്പടിയാൻ എന്ന സിനിമ സംഘപരിവാർ പ്രൊപ്പഗണ്ടയാണെന്ന് കാണിച്ച്‌ ഇല്ലാതാക്കുകയായിരുന്നു അവരുടെ ലക്ഷ്യം. എന്റെ സിനിമയില്‍ വില്ലനായെത്തിയ കഥാപാത്രം മുസ്ലീം ആണ് എന്നുള്ളത് കൊണ്ട് ഞാൻ ന്യൂനപക്ഷത്തിന് എതിരാണെന്ന് അനുമാനിക്കുന്നത് എങ്ങനെയാണ്?

അതുപോലെ തന്നെ, ‘ഭക്തിപ്പടം’ എന്ന ടാഗ് കൊടുത്ത് മാളികപ്പുറം എന്ന ചിത്രത്തെയും ആക്രമിക്കാൻ അവർ ശ്രമിച്ചു. സിനിമ പുറത്തിറങ്ങിയതിന് ശേഷം ചിലർ എന്നെ അയ്യപ്പനായി കാണുന്നുവെന്നതില്‍ ഒത്തിരി സന്തോഷമുണ്ടെന്ന് ഒരു ഇന്റർവ്യൂവില്‍ ഞാൻ യാദൃശ്ചികമായി പറഞ്ഞിരുന്നു. ആ വാക്കുകളെ വളച്ചൊടിച്ചു. ഞാനൊരു ബ്ലാക്ക് ഷർട്ട് ധരിച്ചാലോ മുടിനീട്ടി വളർത്തിയാലോ താടി വളർത്തിയാലോ ഒക്കെ അസ്വസ്ഥരാകുന്ന ആളുകള്‍ ഇപ്പോഴും ഇവിടെയുണ്ട്. നിരപരാധികളായ കുട്ടികളെ ഉപയോഗിച്ച്‌ ഞാൻ പ്രൊപ്പഗണ്ട പ്രചരിപ്പിക്കുകയാണെന്ന് പോലും അവർ ആരോപിച്ചിരുന്നു. അതെന്നെ വല്ലാതെ വേദനിപ്പിച്ചു. എന്താണ് മാളികപ്പുറം എന്ന ചിത്രത്തിന്റെ പ്രശ്നം? ഏതൊരു കുടുംബ പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഒരു ചിത്രമാണത്. – ഉണ്ണി മുകുന്ദൻ പറഞ്ഞു.