വന്‍ തൊഴിലവസരം: കേന്ദ്ര സായുധ പോലീസ് സേനയിലേക്കും ഡല്‍ഹി പോലീസിലേക്കും ഒഴിവുകള്‍, വിശദാംശങ്ങള്‍ ഇങ്ങനെ


ന്യൂഡല്‍ഹി: കേന്ദ്ര സായുധ പോലീസ് സേനകളിലേക്കും ഡല്‍ഹി പോലീസിലേക്കും സബ് ഇന്‍സ്പെക്ടര്‍ തിരഞ്ഞെടുപ്പിന് അപേക്ഷ ക്ഷണിച്ചു. സ്റ്റാഫ് സെലക്ഷന്‍ കമ്മീഷനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വനിതകള്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. സായുധ പോലീസ് സേനയില്‍ 4001 ഒഴിവുകളാണ് ഉള്ളത്. ഇതില്‍ പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ക്ക് 3,693 ഒഴിവുകളും സ്ത്രീകള്‍ക്ക് 308 ഒഴിവുകളുമാണ് ഉള്ളതെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.

ഡല്‍ഹി പോലീസില്‍ 186 ഒഴിവുകളാണ് ഉള്ളത്. ബിരുദധാരികള്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം. തിരഞ്ഞെടുപ്പിന്റെ ഭാഗമായിട്ടുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ മെയ് 9,10, 13 തീയതികളില്‍ നടക്കും. അംഗീകൃത സര്‍വകലാശാലകളില്‍ നിന്ന് നേടിയ ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. അവസാന വര്‍ഷ പരീക്ഷ എഴുതാനിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാവുന്നതാണ്.

ഡല്‍ഹി പോലീസിലേക്ക് അപേക്ഷിക്കുന്ന പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ശാരീരികക്ഷമതാ പരീക്ഷയ്ക്ക് മുമ്പായി എല്‍എംവി ലൈസന്‍സ് നേടിയിരിക്കണം. 20-നും 25-നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം. പുരുഷന്മാര്‍ക്ക് 170 സെ.മി-വനിതകള്‍ക്ക് 157 സെ.മി എന്നിങ്ങനെയാണ് നിഷ്‌കര്‍ശിച്ചിരിക്കുന്ന ഉയരം. പുരുഷന്മാര്‍ക്ക് 80 സെ.മീ. നെഞ്ചളവും ഉണ്ടായിരിക്കണം. അപേക്ഷകര്‍ക്ക് ഉയരത്തിന് അനുസരിച്ചുള്ള ശരീര ഭാരം ഉണ്ടായിരിക്കണം. മികച്ച കാഴ്ച ശക്തിയും നിര്‍ബന്ധമാണ്.

 

പേപ്പര്‍-1, പേപ്പര്‍ 2 എന്നിങ്ങനെ രണ്ട് പരീക്ഷകളും ശരീരികക്ഷമതാ പരീക്ഷ, മെഡിക്കല്‍ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്. ഒന്നാം പേപ്പര്‍ പരീക്ഷയില്‍ നിന്നും ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്നവര്‍ക്ക് ശാരീരികക്ഷമതാ പരീക്ഷ നടത്തും. ഇതിലും യോഗ്യത നേടുന്ന ഉദ്യോഗാര്‍ത്ഥികളാണ് രണ്ടാം പേപ്പര്‍ അഭിമുഖീകരിക്കേണ്ടത്. ഒബ്ജക്ടീവ് മള്‍ട്ടിപ്പിള്‍ ചോയ്സ് മാതൃകയിലായിരിക്കും ഇരു പരീക്ഷകളും നടക്കുക. തെറ്റുത്തരത്തിന് 0.25 നെഗറ്റീവ് മാര്‍ക്ക് ഉണ്ടായിരിക്കും. രണ്ട് മണിക്കൂറാണ് പരീക്ഷാ സമയം.

 

കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂര്‍ എന്നിവിടങ്ങളിലും ലക്ഷദ്വീപില്‍ കവരത്തിയിലും പരീക്ഷ കേന്ദ്രങ്ങളുണ്ടാകും. ഓരോ ഉദ്യോഗാര്‍ത്ഥികള്‍ക്കും ഒരു റീജിയണില്‍ മൂന്ന് കേന്ദ്രങ്ങള്‍ മുന്‍ഗണനാ ക്രമത്തില്‍ തിരഞ്ഞെടുക്കാവുന്നതാണ്. എന്നാല്‍ ഇവ പിന്നീട് മാറ്റാനാകില്ല. 100 രൂപയാണ് അപേക്ഷാ ഫീസ്. ഓണ്‍ലൈന്‍ മുഖേനയാണ് അപേക്ഷാ ഫീസ് അടയ്ക്കേണ്ടത്. വനിതകള്‍ക്കും, എസ്സി, എസ്ടി വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്കും വിമുക്തഭടന്മാര്‍ക്കും ഫീസ് അടയ്ക്കേണ്ടതില്ല. മാര്‍ച്ച് 28 വരെ അപേക്ഷ സ്വീകരിക്കുന്നതാണ്.