കുടിയേറ്റ നയങ്ങളിൽ സുപ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ച് യുകെ ഭരണകൂടം. സ്കിൽഡ് വർക്കർ വിസയ്ക്ക് അർഹത നേടാനുള്ള കുറഞ്ഞ വാർഷിക ശമ്പള പരിധി 48 ശതമാനമായാണ് ഉയർത്തിയിരിക്കുന്നത്. ഇതോടെ, വാർഷിക ശമ്പളം ഏറ്റവും കുറഞ്ഞത് 38,000 പൗണ്ട് ആയിരിക്കണം. നേരത്തെ ഇത് 25,600 പൗണ്ട് ആയിരുന്നു. കുടിയേറ്റം വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പുതിയ നയങ്ങൾ നടപ്പിലാക്കുന്നത്.
നേരത്തെ സ്കിൽഡ് വർക്കർ വിസയ്ക്ക് അപേക്ഷ നൽകുമ്പോൾ 20 ശതമാനം ശമ്പളക്കിഴവ് ലഭ്യമായിരുന്നു. ഈ കിഴിവ് ഉടൻ നിർത്തലാക്കാനാണ് തീരുമാനം. പുതുക്കിയ മാനദണ്ഡങ്ങൾ ഏപ്രിൽ നാല് മുതൽ പ്രാബല്യത്തിലാകും. കുടിയേറ്റത്തിലെ എക്കാലത്തെയും വലിയ വെട്ടിക്കുറയ്ക്കൽ പദ്ധതിയാണ് ഇപ്പോൾ യുകെ ഭരണകൂടം നടപ്പാക്കുന്നത്.
വിദേശികളുടെ എണ്ണം കുറച്ച് യുകെ തൊഴിലാളികളുടെ തൊഴിൽ നഷ്ടം തടയുക എന്നതാണ് ഈ നടപടികളിലൂടെ ലക്ഷ്യമിടുന്നത്. അടുത്തിടെ വിദേശത്ത് നിന്നുള്ള പരിചരണ തൊഴിലാളികൾ കുടുംബാംഗങ്ങളെ യുകെയിലേക്ക് കൂട്ടിക്കൊണ്ടുവരുന്നതിന് രാജ്യം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. നിലവിൽ, യുകെയിലേക്ക് കുടിയേറുന്നവരുടെ എണ്ണം വലിയ തോതിൽ വർദ്ധിച്ചിട്ടുണ്ട്.