ഫ്ലോറിഡ: 18 മാസം പ്രായമുള്ള മകളെ 40000 രൂപയ്ക്ക് വിൽക്കാൻ ശ്രമിച്ച് 33കാരി. ശ്രമം പാളിയതോടെ തെരുവിലുപേക്ഷിക്കാൻ ശ്രമിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ആവശ്യക്കാരായി ആരുമെത്താതെ വന്നതിന് പിന്നാലെയാണ് യുവതി പിഞ്ചുകുഞ്ഞിനെ തെരുവിൽ ഉപേക്ഷിച്ച് പോയത്. അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം. ജെസിക്കാ വുഡ്സ് എന്ന 33കാരിയാണ് മകളെ വിൽക്കാനും സാധിക്കാതെ വന്നതോടെ വഴിയിലുപേക്ഷിച്ചും പോയത്.
പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപേക്ഷിക്കാൻ ശ്രമിക്കുന്നതും പണത്തിനോ മറ്റ് വസ്തുക്കൾക്കോ വിൽക്കാനോ ശ്രമിക്കുന്നത് ഗുരുതര കുറ്റകൃത്യമാണെന്നിരിക്കെയാണ് 33കാരി കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത്. കുട്ടിയെ ദുരുപയോഗിച്ചതിനാണ് 33കാരിയെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ബുധനാഴ്ചയാണ് യുവതി അറസ്റ്റിലായത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കുട്ടിയുമായി വ്യാപാര കേന്ദ്രങ്ങളുടെ സമീപത്തായി പൊലീസ് യുവതിയെ കണ്ടെത്തിയിരുന്നു. യുവതിക്ക് എന്താണ് വിൽക്കാനുള്ളത് എന്ന് തിരക്കിയെത്തിയ ആളോട് കുഞ്ഞിനെ ആണെന്ന് യുവതി വ്യക്തമാക്കിയിരുന്നു.
കുഞ്ഞിനെ സുരക്ഷിതയാക്കാനുള്ള സഹായം നൽകാമെന്നുള്ള വഴിപോക്കരുടെ സഹായം വാഗ്ദാനം നിഷേധിച്ച് കുഞ്ഞിനെ വിൽക്കുക മാത്രമാണ് ആവശ്യമെന്നും യുവതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് 33കാരിക്ക് ഒപ്പമുണ്ടായിരുന്ന കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഇതോടെ പ്രദേശവാസികൾ പൊലീസ് സഹായം തേടുകയായിരുന്നു. പിന്നാലെയാണ് യുവതിയെ പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തത്.