ഫാറ്റി ലിവർ: ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം | Health, food, fatty liver, Latest News, News, Life Style, Health & Fitness
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളിൽ കാണപ്പെടുന്ന ഒരു ജീവിതശൈലീ രോഗമാണ് ഫാറ്റിലിവർ. കരളിൽ അമിതമായി കൊഴുപ്പടിയുന്ന രോഗമാണിത്. അമിത കലോറി ഉപഭോഗം, പ്രമേഹം, ഉയർന്ന കൊളസ്‌ട്രോൾ തുടങ്ങിയവ മൂലമാണ് പലപ്പോഴും കരളിൽ കൊഴുപ്പ് അടിയുന്നത്.
മദ്യപാനം മൂലമുള്ളതിനെ ആൽക്കഹോളിക് ഫാറ്റി ലിവർ രോഗം എന്നാണ് പറയുന്നത്. നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഉള്ള എല്ലാവർക്കും ഗുരുതരമായ രോഗാവസ്ഥ ഉണ്ടാകണമെന്നില്ല. പക്ഷേ, ചിലരിൽ കരളിൽ നിറയുന്ന കൊഴുപ്പിന്റെ പ്രവർത്തനം മൂലം കോശങ്ങൾക്ക് തകരാർ സംഭവിക്കുകയും നീർക്കെട്ട് ഉണ്ടാവുകയും ചെയ്യും. അത് പിന്നീട് ലിവർ സിറോസിസ് പോലുള്ള രോഗങ്ങളിലേക്ക് നയിച്ചേക്കാമെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു.
ഫാറ്റി ലിവർ ഉള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം:
*കൊഴുപ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ, കലോറി കൂടുതലുള്ള ഭക്ഷണങ്ങൾ തുടങ്ങിയവ ഭക്ഷണക്രമത്തിൽ നിന്നും ഒഴിവാക്കുക.
*പ്രോസസിഡ് ഭക്ഷണങ്ങൾ, റെഡ് മീറ്റ്, സംസ്‌കരിച്ച ഇറച്ചി വിഭവങ്ങൾ, ജങ്ക് ഫുഡ് തുടങ്ങിയവയും പരമാവധി ഒഴിവാക്കുക.
*മധുരം ധാരാളം അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും പരമാവധി ഡയറ്റിൽ നിന്നും ഒഴിവാക്കുക.
*ഫൈബർ ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് കരളിൻറെ ആരോഗ്യത്തിന് നല്ലതാണ്. ഇതിനായി ചോളം, ബീൻസ്, ബ്രൊക്കോളി, ഡ്രൈ ഫ്രൂട്ട്‌സ്, ആപ്പിൾ തുടങ്ങിയവ കഴിക്കാം.
*ഫാറ്റി ലിവർ മാറാനുള്ള പ്രധാനമാർ?ഗം അമിതവണ്ണം കുറയ്ക്കുക എന്നതാണ്.
*പതിവായി വ്യായാമം ചെയ്യുക. വ്യായാമമില്ലായ്മ കരളിൻറെ ആരോഗ്യത്തെ മോശമായി ബാധിക്കാം. അതിനാൽ ദിവസവും കുറഞ്ഞത് മുപ്പത് മിനിറ്റ് എങ്കിലും വ്യായാമം ചെയ്യാം.
*പുകവലിയും മദ്യപാനവും പൂർണമായും ഒഴിവാക്കുക.
*ഉറക്കക്കുറവും കരളിന്റെ ആരോഗ്യത്തെ ബാധിക്കാം. അതിനാൽ രാത്രി 7 മുതൽ 8 മണിക്കൂർ വരെ മതിയായ ഉറക്കം പതിവാക്കുക.
*വിറ്റാമിൻ ഡി അടക്കമുള്ള പോഷകങ്ങൾ കരളിന്റെ ആരോഗ്യത്തിന് പ്രധാനമാണ്. അതിനാൽ വിറ്റാമിൻ ഡി ഉൾപ്പെടുന്ന ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം.