ശിവകുടുംബ ചിത്രം ഭവനത്തിൽ ശുഭോർജ്ജം നിറയ്ക്കും


പരമ്പരാഗത ഹൈന്ദവ കുടുംബങ്ങളില്‍ പൂജാമുറി സാധാരണമാണ്. പൂജാ മുറിയായി സജീകരിച്ചില്ലെങ്കിലും ഇഷ്ട ദൈവത്തിന്റെ ചിത്രങ്ങള്‍ വീടുകളില്‍ സൂക്ഷിക്കുന്നവരാണ് വിശ്വാസികള്‍. എന്നാല്‍ ശിവ കുടുംബ ചിത്രം വീട്ടില്‍ വയ്ക്കാന്‍ പാടില്ലെന്നും ഉണ്ടെന്നും പല അഭിപ്രായങ്ങള്‍ കേള്‍ക്കാറുണ്ട്. എന്നാല്‍ അതിലെ സത്യാവസ്ഥ അറിയാം. ഭവനത്തിൽ പോസിറ്റീവ് എനർജി നിറയ്ക്കുന്ന ഒന്നാണ് ശിവകുടുംബചിത്രം . ശിവം എന്നാൽ മംഗളം എന്നാണർത്ഥം. അതുകൊണ്ട് തന്നെ ഭാര്യാപുത്ര സമേതമുള്ള ശിവ ചിത്രം കുടുബ ജീവിതത്തിന്റെ അടിസ്ഥാന സങ്കൽപം എന്താവണമെന്ന് നമ്മെ കാട്ടിത്തരുന്നു.

മഹാദേവന്റെയും പാർവ്വതീദേവിയുടെയും ഇരുവശത്തായി പുത്രന്മാരായ ഗണപതിയും, സുബ്രഹ്മണ്യനും ഉപവിഷ്ടരായിരിക്കുന്നു . ബദ്ധവൈരികളായ കാളയും സിംഹവും മയിലും പാമ്പും ഒന്നിച്ചു വാഴുന്ന ഇടം. അതായത് മഹാദേവന്റെ വാഹനം കാളയാണ്. ദേവിയുടേത് സിംഹവും. പുത്രന്മാരിൽ ഗണപതിയുടെ വാഹനം എലിയും സ്കന്ദന്റെ വാഹനം മയിലുമാണ്.ശിവന്റെ കണ്ഠാഭരണമാണ് നാഗം, നാഗമാണ് മയിലിന്റെ ഭഷണം, നാഗത്തിന്റെ ഇര എലിയും എന്നിട്ടും അവ ഒന്നിച്ചു ജീവിക്കുന്നു. കലഹങ്ങള്‍ ഒന്നുമില്ലാതെ കഴിയുന്ന ശിവകുടുംബം കുടുംബജീവിതത്തിന്റെ പവിത്രത എടുത്തുകാട്ടുന്നു.

അതുകൊണ്ട് തന്നെ ഈ ചിത്രം ഭവനത്തിൽ ഐശ്വര്യം പ്രദാനം ചെയ്യും. ശിവകുടുംബചിത്രം പൂജാമുറിയിലോ പ്രധാനവാതിലിന് അഭിമുഖമായോ വയ്ക്കണം. ചിത്രം വച്ചാൽ മാത്രം പോരാ ദിനവും ശിവകുടുംബ വന്ദനശ്ലോകം ചൊല്ലി ഭക്തിപൂർവ്വം നമസ്ക്കരിക്കണം. നിത്യേന മൂന്ന് തവണ മഹാദേവനെയും പാർവതീദേവിയെയും സ്കന്ദനെയും ഗണപതിയേയും സ്മരിച്ചുകൊണ്ട് വന്ദനശ്ലോകം ചെല്ലുന്നത് കുടുംബത്തിൽ ഐക്യവും അഭിവൃദ്ധിയും സമ്മാനിക്കും. കുടുംബാംഗങ്ങൾ തമ്മിലുള്ള സ്വരചേർച്ചയില്ലായ്മ പരിഹരിക്കാൻ ഒരു മാർഗ്ഗവുമാണിത്.

ശിവകുടുംബവന്ദനശ്ലോകം

വന്ദേ ഗിരീശം ഗിരിജാ സമേതം

കൈലാസ സൈലേന്ദ്ര ഗുഹാ ഗൃഹസ്ഥം

അങ്കെ നിഷണേണന വിനായനേക

സ്കന്ദേന ചാത്യന്ത സുഖായ മാനം