ആറാട്ടുപുഴ പൂരം: കർശന നിബന്ധനകളോടെ വെടിക്കെട്ടിന് അനുമതി നൽകി ജില്ലാ മജിസ്ട്രേറ്റ്


തൃശ്ശൂർ: ആറാട്ടുപുഴ പൂരത്തിനോടനുബന്ധിച്ചുള്ള വെടിക്കെട്ടിന് അനുമതി നൽകി. കർശന നിബന്ധനകളോടെ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ടി. മുരളിയാണ് അനുമതി നൽകിയിരിക്കുന്നത്. വെടിക്കെട്ട് പ്രദർശനത്തിനായി സമർപ്പിച്ച അപേക്ഷയും, സത്യവാങ്മൂലവും ഹൈക്കോടതി വിധിയിലെ നിർദ്ദേശങ്ങളും പരിശോധിച്ചതിനു ശേഷമാണ് വെടിക്കെട്ട് നടത്താൻ അനുമതി നൽകിയിട്ടുള്ളത്. ഹൈക്കോടതി നിർദ്ദേശമനുസരിച്ച് പോർട്ടബിൾ മാഗസിൻ നിർബന്ധമായും സജ്ജീകരിക്കേണ്ടതാണ്. മാഗസിന് 45 മീറ്റർ അകലത്തിൽ സൈസൻസി സുരക്ഷിതമാക്കേണ്ടതുണ്ട്.

വെടിക്കെട്ട് പ്രദർശന സ്ഥലത്ത് നിന്ന് 100 മീറ്റർ അകലത്തിൽ മതിയായ ബലത്തിലും സുരക്ഷയിലും ബാരിക്കേഡുകൾ സ്ഥാപിച്ച് കാണികളുടെ സുരക്ഷ ഉറപ്പുവരുത്തണം. ഉത്തരവ് പ്രകാരം, അനുവദിച്ച രീതിയിലും വലിപ്പത്തിലും നിർമ്മിച്ചതും നിരവധി രാസവസ്തുക്കൾ ചേർക്കാത്തതുമായ ഓലപ്പടക്കങ്ങൾ ഉൾപ്പെടെയുള്ള പെസോ അംഗീകൃത നിർമ്മിത പടക്കങ്ങൾ മാത്രമേ വെടിക്കെട്ടിനായി ഉപയോഗിക്കാൻ പാടുള്ളൂ. ഗുണ്ട്, അമിട്ട്, കുഴിമിന്നൽ എന്നിവ യാതൊരു കാരണവശാലും ഉപയോഗിക്കാൻ പാടുള്ളതല്ല. വെടിക്കെട്ട് നടക്കുന്ന സന്ദർഭത്തിൽ സുരക്ഷാ ക്രമീകരണവുമായി ബന്ധപ്പെട്ട ഹൈക്കോടതി നിർദ്ദേശങ്ങളും, പെസോ അധികൃതർ, പൊലീസ്, ഫയർ എന്നിവർ നൽകുന്ന നിർദ്ദേശങ്ങളും വെടിക്കെട്ട് നടത്തിപ്പുകാരും ആഘോഷ കമ്മിറ്റിയും പാലിക്കണം.