ഉജ്ജയിനിയെന്ന പുണ്യപുരാതന നഗരത്തെ സമ്പന്നമാക്കുന്ന ശിവലിംഗത്തിന്റെ ഐതീഹ്യം



ചരിത്രപരവും സാംസ്കാരികപരവുമായ കാര്യങ്ങളാല്‍ സമ്പന്നമാണ് മധ്യ പ്രദേശിലെ ഉജ്ജയിനി നഗരം. ലോകത്തെ നാനാഭാഗത്തുമുള്ള ഹിന്ദുമത വിശ്വാസികളുടെ മനസ്സില്‍ ഒരുപാട് ആദ്ധ്യാത്മികമായ പ്രാധാന്യങ്ങളുള്ള ഒരു നഗരം കൂടിയാണ് ഉജ്ജയിനി. ചരിത്രം നോക്കിയാല്‍, ഉജ്ജയിനി ഒരുപാട് രാജാക്കന്മാരുടെ തലസ്ഥാന നഗരിയായിരുന്നു. അവന്തിക, അമരാവതി, ഇന്ദ്രപുരി എന്നിങ്ങനെ പല പേരുകളിലും ഉജ്ജയിനി അറിയപ്പെട്ടിരുന്നു. ഒരുപാട് ക്ഷേത്രങ്ങളും അവയുടെ സ്വര്‍ണ്ണ ഗോപുരങ്ങളും സ്ഥിതി ചെയ്തിരുന്നതിനാല്‍ ‘സ്വര്‍ണ്ണ ശൃംഗം’ എന്നൊരു പേരും ഉജ്ജയിനിക്കുണ്ടായിരുന്നു. 8 തീര്‍ത്ഥങ്ങള്‍, 7 സാഗര തീര്‍ത്ഥങ്ങള്‍ എന്നിവ ഉള്‍പ്പെടെ ഒരുപാട് പുണ്യസ്ഥലങ്ങളാല്‍ സമ്പന്നമാണ് ഈ നഗരം.

ഏകദേശം മുപ്പതോളം ശിവലിംഗങ്ങളാണ് ഇവിടുള്ളത്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ശിവലിംഗമാണ് മഹാകാലേശ്വര ജ്യോതിര്‍ലിംഗം. മഹാകാലേശ്വര ജ്യോതിര്‍ലിംഗത്തിന്‍റെ പഴക്കം എത്രയുണ്ടെന്ന് കണക്കാക്കുവാന്‍ സാധിച്ചില്ല. എന്നിരുന്നാലും, ബി.സി നാലാം നൂറ്റാണ്ടിലോ അഞ്ചാം നൂറ്റാണ്ടിലോ മറ്റോ ആണ് ഇത് പ്രതിഷ്ഠിച്ചതെന്നാണ് വിശ്വാസം. കാരണം, അക്കാലത്തുള്ള രചനകളില്‍ ഈ ക്ഷേത്രത്തെ കുറിച്ച് പ്രദിപാദിച്ചിട്ടുണ്ട്. പതിനെട്ടാം നൂറ്റാണ്ടിലാണ് ഇപ്പോഴത്തെ ക്ഷേത്രം പണികഴിപ്പിച്ചത്.

മൂന്നു നിലകളായിട്ടാണ് ശ്രീ മഹാകാലേശ്വര ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്. ഓരോ നിലയിലും ഓരോ ശിവലിംഗങ്ങളെ പ്രതിഷ്ടിച്ചിരിക്കുന്നു. മഹാകാലേശ്വരന്‍, ഓംകാരേശ്വരന്‍, നാഗചന്ദ്രേശ്വരന്‍ എന്നിവയാണ് ആ ലിംഗങ്ങള്‍. നാഗചന്ദ്രേശ്വര ശിവലിംഗം നാഗപഞ്ചമി നാളില്‍ മാത്രമേ ദര്‍ശിക്കുവാന്‍ സാധിക്കുകയുള്ളൂ. ക്ഷേത്രപരിസരത്ത് തന്നെ കോടി തീര്‍ത്ഥം എന്ന പേരില്‍ വലിയൊരു കുളം സ്ഥിതി ചെയ്യുന്നു.

പണ്ട് പണ്ട്, ഉജ്ജയിനി നഗരത്തില്‍ ഒരു ബ്രാഹ്മണന്‍ അദ്ദേഹത്തിന്‍റെ നാല് ആണ്മക്കളോടൊത്ത് വസിച്ചിരുന്നു. അവര്‍ കറകളഞ്ഞ ശിവഭക്തന്മാരായിരുന്നു. ആ സമയത്ത്, രാക്ഷസ രാജാവായ ദുശന് ബ്രഹ്മാവില്‍ നിന്ന് ഒരു വരം ലഭിച്ചു. ആ വരം ഉപയോഗിച്ച് ദുശന്‍ ലോകത്തുള്ള നല്ല മനുഷ്യരെ ദ്രോഹിക്കുവാന്‍ തുടങ്ങി. ദുശന്‍ ഉജ്ജയിനിയില്‍ എത്തുകയും അവിടെയുള്ള ബ്രാഹ്മണരെ ഉപദ്രവിക്കുവാനും തുടങ്ങി. എന്നാല്‍, അടിയുറച്ച ശിവഭക്തരായതിനാല്‍ അവരെ ദുശന്‍റെ ആക്രമണം ബാധിച്ചതേയില്ല.

പക്ഷെ, ദുശന്‍ പിന്മാറാതെ തന്‍റെ ദ്രോഹം തുടര്‍ന്നു. ഇത് ഭഗവാന്‍ ശിവനെ കോപിഷ്ടനാക്കി. വീണ്ടും ദുശന്‍ ബ്രാഹ്മണരെ ആക്രമിക്കാന്‍ വന്നപ്പോള്‍ ശിവന്‍ ഭൂമി പിളര്‍ന്ന് മഹാകാലനായി ആ രാക്ഷസന്‍റെ മുന്‍പില്‍ അവതരിച്ചു. ദുശനോട് ഈ ക്രൂരത അവസാനിപ്പിക്കുവാന്‍ മഹാകാല ഭഗവാന്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും ദുശന്‍ അത് ചെവിക്കൊണ്ടില്ല. കോപംകൊണ്ട്‌ ജ്വലിച്ച ഭഗവാന്‍ അലറിക്കൊണ്ട് ദുശനെ കത്തിച്ച് ചാമ്പലാക്കി. എന്നാല്‍, അതുകൊണ്ടും മഹാകാലേശ്വരന്‍റെ കോപം അടങ്ങിയില്ല. ഒടുക്കം, ബ്രഹ്മദേവനും വിഷ്ണുഭഗവാനും മറ്റ് ദേവതകളും ഒരുമിച്ച് പ്രത്യക്ഷപ്പെട്ട് ഭഗവാന്‍ ശിവനോട് പ്രാര്‍ഥിച്ചാണ് അദ്ദേഹത്തിന്‍റെ കലിയടക്കിയത്.

പണ്ട് ഉജ്ജയിനിയില്‍ ശ്രീകരന്‍ എന്നൊരു ബാലന്‍ വസിച്ചിരുന്നു. അടിയുറച്ച ശിവഭക്തനായിരുന്നു അവന്‍. ഒരിക്കല്‍, ഉജ്ജയിനിയിലെ രാജാവായ ചന്ദ്രശേഖരന്‍ ഒരു ശിവ പൂജ നടത്തി. ശ്രീകരന്‍ അതില്‍ പങ്കെടുക്കണമെന്ന് ആഗ്രഹിച്ചെങ്കിലും അതിനുള്ള ശ്രമം വിജയിച്ചില്ല. അതില്‍ ദുഖിതനായ ശ്രീകരന്‍ കാട്ടിലേക്ക് ഓടിപ്പോകുകയും, അവിടെയിരുന്നു ശിവനെ പ്രാര്‍ഥിക്കുവാനും തുടങ്ങി. അവിടെവച്ച് കുറച്ച് ആളുകള്‍ ഉജ്ജയിനി നഗരം ആക്രമിക്കുവാനുള്ള പദ്ധതിയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നത് ശ്രീകരന്‍ കേട്ടു.

ശത്രു രാജ്യത്ത് നിന്നുള്ള ആളുകളാണ് അവരെന്നും, തങ്ങളുടെ വമ്പന്‍ പടയുമായി വന്ന് ഉജ്ജയിനി ആക്രമിക്കുകയാണ് അവരുടെ ലക്ഷ്യമെന്നും ശ്രീകരന് മനസ്സിലായി. അവന്‍ ഉടനെ തന്നെ ഭഗവാന്‍ ശിവനോട് തന്‍റെ നാടിനെ ഈ ആപത്തില്‍ നിന്ന് രക്ഷിക്കണേ എന്ന് പ്രാര്‍ഥിച്ചു. അവന്‍റെ പ്രാര്‍ത്ഥനയുടെ ഫലമായി ഭഗവാന്‍ ശിവന്‍ പ്രത്യക്ഷപ്പെടുകയും ഉജ്ജയിനിയുടെ ശത്രുക്കളെയെല്ലാം നിഗ്രഹിക്കുകയും ചെയ്തു എന്നാണ് പറയപ്പെടുന്നത്. കൂടാതെ, ഉജ്ജയിനി നഗരത്തില്‍ നിന്നുകൊണ്ട് ഇവിടുത്തെ ജനങ്ങളെ സംരക്ഷിക്കാമെന്നും ഭഗവാന്‍ ശ്രീകരന് വാക്ക് നല്‍കി എന്നാണ് ഐതീഹ്യം.

ഭസ്മ ആരതിയാണ് മഹാകാലേശ്വര ക്ഷേത്രത്തിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. എല്ലാ ദിവസവും പുലര്‍ച്ചെ ശിവലിംഗത്തില്‍ ആരതി നടത്തും. അഭിഷേകത്തിനു ശേഷം ശിവലിംഗം ശ്മശാനങ്ങളില്‍ നിന്നെടുക്കുന്ന ചിതാഭസ്മം കൊണ്ട് പൊതിയും. വേദഗ്രന്ഥങ്ങള്‍ പ്രകാരം ചിതാഭസ്മം എന്നത് അവിശുദ്ധമാണെന്നും, മനുഷ്യര്‍ അവയുമായി ബന്ധപ്പെട്ടാല്‍ കുളിക്കുകയും ശരീരശുദ്ധി വരുത്തുകയും ചെയ്യണം എന്നാണ്. എന്നാല്‍ ശിവലിംഗവുമായി ബന്ധപ്പെടുമ്പോള്‍ ചിതാഭസ്മം പവിത്രവും വിശുദ്ധവുമാകുന്നു.