പതിനെട്ട് മഹാപുരാണങ്ങളും ഏതാണ്ട് അത്ര തന്നെ ഉപപുരാണങ്ങളും ഉണ്ടെന്ന് പറയപ്പെടുന്നു. ഇവ കൂടാതെ ഹിന്ദു ക്ഷേത്രങ്ങളുടെ ഉല്പത്തിയെപ്പറ്റിയും, ആത്മീയ ചരിത്രത്തെപ്പറ്റിയും മറ്റും പ്രതിപാദിക്കുന്ന സ്ഥലപുരാണങ്ങൾ ഉണ്ട് . ഒരു പ്രത്യേക കുലത്തിന്റെ ഉല്പത്തിയെപ്പറ്റിയും, ഐതിഹ്യങ്ങളെപ്പറ്റിയുമുള്ള കുലപുരാണങ്ങൾ എന്നിവയും പുരാണങ്ങളിൽ ഉൾപ്പെടുത്തിക്കാണാറുണ്ട്.
പ്രപഞ്ചസത്യങ്ങളെയും ദാർശനികപരമായ ഉപദേശങ്ങളെയും ധർമ്മസംഹിതകളെയും സാധാരണ മനുഷ്യർക്ക് ഉൾക്കൊള്ളുവാൻ പ്രാപ്യമാവുന്ന ഘടനയിൽ കഥാഖ്യാനം പോലെ രചിക്കപ്പെട്ടിട്ടുള്ള ഗ്രന്ഥങ്ങളാണ് പുരാണങ്ങൾ. വേദാധികാരമില്ലാത്ത ശൂദ്രർക്കും, സ്ത്രീകൾക്കും വേണ്ടി രചിക്കപ്പെട്ട ഇതിഹാസപുരാണങ്ങളെ ‘പഞ്ചമവേദമെന്നും’ വിളിക്കാറുണ്ട്.
വിഷ്ണു, ശിവൻ, പാർവതി തുടങ്ങിയ ദേവീദേവന്മാരുടെ കഥകൾ പുരാണങ്ങളിൽ അടങ്ങിയിരിക്കുന്നു. ഈ ദേവകളെ ആരാധിക്കുന്ന രീതികളും ഇവയിൽ വിശദമാക്കിയിട്ടുണ്ട്. ഇതിനു പുറമേ ലോകത്തിന്റെ നിർമ്മിതി, വിവിധ രാജാക്കന്മാർ എന്നിവയെക്കുറിച്ചുമുള്ള പരാമർശങ്ങൾ പുരാണങ്ങളിലുണ്ട്.