കണ്ണൂർ: കണ്ണൂർ കേളകത്ത് ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ ഇനിയും പിടികൂടാനായില്ല. അടയ്ക്കാത്തോട് പ്രദേശത്താണ് കഴിഞ്ഞ ദിവസം കടുവയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തത്. ഇന്നലെ പകൽ മുഴുവൻ പ്രദേശത്തെ റബ്ബർ തോട്ടത്തിലെ ചതുപ്പിലാണ് കടുവ കിടന്നത്. ഇവിടെ നിന്ന് മയക്കുവെടിവെച്ച് പിടികൂടാനായിരുന്നു വനം വകുപ്പിന്റെ തീരുമാനം. ഇതനുസരിച്ച് കാസർഗോഡ് നിന്ന് വെടിവയ്ക്കാൻ പ്രത്യേക സംഘം എത്തിയിരുന്നു. എന്നാൽ, നേരം ഇരുട്ടിയതോടെ ചതുപ്പിൽ നിന്നും കടുവ മറ്റൊരിടത്തേക്ക് രക്ഷപ്പെടുകയായിരുന്നു.
കടുവ രക്ഷപ്പെട്ടതോടെ പ്രദേശത്ത് പ്രതിഷേധം ശക്തമായിട്ടുണ്ട്. രോഷാകുലരായ നാട്ടുകാർ ഡിഎഫ്ഒ ഉൾപ്പെടെയുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ് പ്രതിഷേധം അറിയിച്ചു. കടുവയെ പിടികൂടാത്ത സാഹചര്യത്തിൽ പ്രദേശത്ത് ഇന്നും നിരോധനാജ്ഞ തുടരുകയാണ്. കഴിഞ്ഞ ഒരാഴ്ചക്കാലമായി പ്രദേശത്ത് കടുവ ഇറങ്ങിയിട്ടുണ്ടെന്ന വാർത്തകൾ വലിയ തോതിൽ പ്രചരിച്ചിരുന്നു. എന്നാൽ, ശനിയാഴ്ച വൈകിട്ടോടെയാണ് ജനവാസ മേഖലയിൽ കടുവ വിഹരിക്കുന്നതിന്റെ ദൃശ്യങ്ങൾ ലഭ്യമായത്.