ചെന്നൈ: തമിഴ്നാട്ടിലെ നീലഗിരി മലനിരകളെ അഗ്നിബാധയിൽ നിന്നും രക്ഷിച്ച് ഇന്ത്യൻ വ്യോമസേന. പ്രദേശത്തെ കാട്ടുതീ തടയാനായി ബാംബി ബക്കറ്റ് ഓപ്പറേഷനാണ് വ്യോമസേന നേതൃത്വം നൽകിയത്. AF Mi-17 V5 ഹെലികോപ്റ്ററുകളുടെ സഹായത്തോടെയാണ് ഓപ്പറേഷൻ പൂർത്തിയാക്കിയത്. തീ നിയന്ത്രണവിധേയമാക്കാൻ 16,000 ലിറ്റർ വെള്ളമാണ് നീലഗിരി മലനിരകളിൽ തളിച്ചത്. വനം വകുപ്പിന്റെയും, ഭരണകൂടത്തിന്റെയും സഹായത്തോടെയാണ് വ്യോമസേന ബാംബി ബക്കറ്റ് ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കിയത്.
AF Mi-17 V5 ഹെലികോപ്റ്ററുകളിൽ ഉപയോഗിക്കുന്ന പ്രത്യേക ഉപകരണമാണ് ബാംബി ബക്കറ്റ്. വിമാനത്തിനടിയിൽ വലിയ അളവിൽ ജലത്തെ വഹിക്കാനുള്ള കഴിവ് ഇവയ്ക്കുണ്ട്. തീ പടർന്ന സ്ഥലങ്ങളിൽ ഇത് ഉപയോഗിച്ച് കെടുത്താനാകും. നീലഗിരി മലനിരകളിൽ ഏകദേശം 30 ഹെക്ടർ വനം കത്തിനശിച്ചതായാണ് റിപ്പോർട്ട്. അസാധാരണ താപനിലയും മഴയുടെ ഗണ്യമായി കുറഞ്ഞതുമാണ് കാട്ടുതീ പടരാനുള്ള കാരണമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.