രാഹുൽ ഗാന്ധിയുടെ യാത്രകൾ കോൺഗ്രസിന് ദോഷകരമായി മാറുകയാണ്: ശിവരാജ് സിംഗ് ചൗഹാൻ


ഭോപ്പാൽ: കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമെതിരെ രൂക്ഷ വിമർശനവുമായി മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിംഗ് ചൗഹാൻ. രാഹുൽ ഗാന്ധിയുടെ യാത്രകൾ കോൺഗ്രസിന് ദോഷകരമായി മാറുകയാണെന്ന് അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയുടെ യാത്രയിലൂടെ കോൺഗ്രസ് ദയനീയമായ പരാജയം മാത്രമാണ് ഏറ്റുവാങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഭോപ്പാലിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

രാഹുൽ ഗാന്ധി 2022ലും 2024ലും നയിച്ച രണ്ട് യാത്രകളും കോൺഗ്രസിനെ ദോഷകരമായി ബാധിച്ചു. യാത്രകൾ കടന്നുപോയിടത്തെല്ലാം കോൺഗ്രസ് ദയനീയമായി പരാജയപ്പെട്ടു. ഭാരത് ജോഡോ യാത്രയും ന്യായ് യാത്രയും നടന്നപ്പോഴൊക്കെയും കോൺഗ്രസ് പരാജയം നേരിടുകയോ അല്ലെങ്കിൽ മുതിർന്ന കോൺഗ്രസ് നേതാക്കൾ പാർട്ടി വിടുകയോ ചെയ്തുവെന്ന് അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസ് പാർട്ടിയിൽ ഒരു നേതൃത്വവും അവശേഷിക്കുന്നില്ലെന്നതിന്റെ തെളിവാണ് നേതാക്കൾ പാർട്ടി വിടുന്നത്. രാഹുൽ ഗാന്ധിയും അദ്ദേഹത്തിന്റെ പാർട്ടി നേതാക്കളും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപകരമായ പ്രസ്താവനകളാണ് നടത്തുന്നത്. പ്രധാനമന്ത്രി പദത്തിൽ ഇരിക്കുന്ന വ്യക്തിക്കെതിരെ അധിക്ഷേപകരമായ പ്രസ്താവനകൾ നടത്തുന്നതാണോ കോൺഗ്രസിന്റെ സംസ്‌കാരമെന്ന് അദ്ദേഹം ചോദിച്ചു.

അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണം നിരസിക്കാനുള്ള കാരണം കോൺഗ്രസ് വ്യക്തമാക്കണം. പശ്ചിമ ബംഗാളിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ ഇതുവരെയും കോൺഗ്രസ് അഭിപ്രായം പറഞ്ഞില്ല. ഇതിനുള്ള കാരണവും രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും വ്യക്തമാക്കണമെന്നും ശിവരാജ് സിംഗ് ചൗഹാൻ കൂട്ടിച്ചേർത്തു.