ജയിലിൽ പോയാൽ അവിടിരുന്നു ഭരിക്കും, രാജിവെക്കില്ലെന്ന് കെജ്‌രിവാൾ, ജാമ്യ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും


ന്യൂഡൽഹി: ഇ ഡി അറസ്റ്റിന് പിന്നാലെ അരവിന്ദ് കെജ്‍രിവാൾ നൽകിയ ഹർജി സുപ്രീംകോടതി പരിഗണിക്കും. അർദ്ധരാത്രി തന്നെ അറസ്റ്റിനെതിരായ ഹർജി അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യം ഇന്നലെ സുപ്രീം കോടതി പരിഗണിച്ചിരുന്നില്ല. ഇന്ന് രാവിലെ 10.30ന് ഹർജി പരിഗണിക്കും. മുതിർന്ന കോൺഗ്രസ് നേതാവ് അഭിഷേക് മനു സിങ്‍വി അരവിന്ദ് കെജ്‍രിവാളിന് വേണ്ടി ഹാജരാകും.

ഇതിനിടെ അറസ്റ്റിലായ അരവിന്ദ് കെജ്‍രിവാളിനെ ഇ ഡി ഇന്ന് കോടതിയിൽ ഹാജരാക്കും. പിഎംഎൽഎ കോടതിയിൽ ഹാജരാക്കുന്ന അരവിന്ദ് കെജ്‍രിവാളിനെ ഇ ഡി കസ്റ്റഡിയിൽ ആവശ്യപ്പെടും.ഇതിനിടെ അരവിന്ദ് കെജ്‍രിവാളിൻ്റെ അറസ്റ്റിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധത്തിന് എഎപി ആഹ്വാനം ചെയ്തിട്ടുണ്ട്. ജയിലിൽ പോകേണ്ടി വന്നാലും അരവിന്ദ് കെജ്‍രിവാൾ രാജിവെയ്ക്കില്ലെന്നും ജയിലിലിരുന്ന് ഭരിക്കുമെന്നുമാണ് എഎപി വ്യക്തമാക്കിയിരിക്കുന്നത്.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അരവിന്ദ് കെജ്‌രിവാളിൻ്റെ കുടുംബവുമായി ഫോണിൽ സംസാരിച്ചു. കുടുംബത്തിന് കോൺഗ്രസ് പാർട്ടിയുടെ പിന്തുണ അരവിന്ദ് കെജ്‍രിവാൾ ഉറപ്പ് നൽകി. നിയമസഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. രാഹുൽ ഗാന്ധി ഇന്ന് കെജ്‌രിവാളിൻ്റെ കുടുംബത്തെ കാണും. അരവിന്ദ് കെജ്‍രിവാളിൻ്റെ അറസ്റ്റിനെതിരെ ഇന്നലെ ഡൽഹിയിൽ ആം ആദ്മി പ്രവർത്തകർക്കൊപ്പം കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയിരുന്നു.

അരവിന്ദ് കെജ്‍രിവാൾ ജയിലിൽ നിന്ന് ഭരിക്കുമെന്ന് പറയുന്നത് രാജ്യത്തിൻ്റെ ഭരണഘടനയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് വ്യക്തമാക്കിയ ബിജെപി അദ്ദേഹം രാജിവെയ്ക്കണമെന്നും ആവശ്യപ്പെട്ടു. ഭരണഘടനയുടെ അടിസ്ഥാനത്തിൽ ജയിലിൽ കിടന്ന് ഭരണം നടത്താൻ സാധിക്കില്ലെന്നും ബിജെപി ചൂണ്ടിക്കാണിച്ചു. നേരത്തെ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ അറസ്റ്റിലായപ്പോഴും ജയിലിൽ നിന്ന് ഭരിക്കുമെന്ന് പറഞ്ഞിരുന്നു. പിന്നീട് രാജിവെയ്ക്കുകയായിരുന്നു. ഡൽഹിയിലും ഇത് തന്നെ സംഭവിക്കുമെന്നും ബിജെപി ചൂണ്ടിക്കാണിച്ചു.