ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും


ഒരു രാജ്യത്തിന്റെ അഭിമാനസ്തംഭങ്ങളെന്നാൽ എന്താണ്?കാലത്തെയും പ്രതികൂല സാഹചര്യങ്ങളെയും ആക്രമങ്ങളെയും അതിജീവിച്ചുകൊണ്ട് നൂറ്റാണ്ടുകളോളം തലയുയർത്തിപ്പിടിച്ചു നിൽക്കുന്നവയെല്ലാം അഭിമാന സ്തംഭങ്ങളാണ്.. തകർച്ചയുടെ വക്കിലെത്തിയിട്ടും തിരിച്ചു വന്നു പ്രതാപത്തോടെ തലയുയർത്തി നിൽക്കുന്നവയും അഭിമാന സ്തംഭങ്ങളാണ്. ഇനി, യാതൊരു വിധ അക്രമങ്ങൾക്കും വിധേയമാകാതെ ഏതെല്ലാമോ വഴിയിലൂടെ പ്രശസ്തമായവയും അഭിമാന സ്തംഭങ്ങളാകാറുണ്ട്.

ഭാരതം ഇത്തരത്തിലുള്ള അനേകം അഭിമാന സ്തംഭങ്ങളുടെ ഒരു സ്വർഗ്ഗഭൂമികയാണ്.
ആദ്യത്തെത്തിനു ഉദാഹരണമായി തമിഴ്‌നാട്ടിലെ നിരവധി ക്ഷേത്രങ്ങളുണ്ട്. ചിദംബരം, ബ്രഹദീശ്വരം,അരുണാചലേശ്വരം, ഏകാംബരേശ്വരം, തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ക്ഷേത്രങ്ങൾ പ്രൗഢിയോടെ ആക്രമങ്ങളെ അതിജീവിച്ചു കൊണ്ട് ഇന്നും തലയുയർത്തിപ്പിടിച്ചു നിലനിൽക്കുന്നു . നശിച്ചു പോയെങ്കിലും , ഒരു പരിധി വരെ ഹംപിയെയും ഇതിൽ ഉൾപ്പെടുത്താം. ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ഈ ദേവഭൂമികളോരോന്നും നമ്മുടെ അഭിമാന സ്തംഭങ്ങളാണ്.

അവസാനം പറഞ്ഞ അഭിമാനസ്തംഭങ്ങളുടെ കണക്കിൽ പെടുത്താവുന്നതാണ് താജ്മഹൽ, റെഡ്‌ഫോർട്ട് തുടങ്ങിയവയെയെല്ലാം.. ഏതെല്ലാമോ കണക്കിൽ എങ്ങനെയെല്ലാമോ പ്രശസ്തമായവ. ഇതും നമ്മുടെ രാജ്യത്തിന് അഭിമാനം തന്നെയാണ്.
ഇനി, നടുവിൽ പറഞ്ഞ അഭിമാന സ്തംഭങ്ങളുടെ കണക്കിലെഴുതുവാൻ ഭാരതത്തിൽ ഒരേയൊരു ദേവഭൂമിയ്ക്കെ ഇന്നോളം സാധ്യമായിട്ടുള്ളൂ.അതാണ് സോമനാഥം. അനേകം തവണ തച്ചു തകർത്തിട്ടും വീണ്ടും വീണ്ടുമുയർന്നു കൊണ്ടിരുന്ന സോമനാഥം.
ത്രിവേണി സംഗമസ്ഥാനമായ സോമനാഥം ചരിത്രാതീത കാലം മുതൽക്കു തന്നെ പുണ്യഭൂമിയാണ്. ശ്രീകൃഷ്ണൻ തന്റെ ദേഹമുപേക്ഷിച്ച പ്രഭാസത്തിൽ. സൗരാഷ്ട്രത്തിൽ, ഗുജറാത്തിലാണ് സോമനാഥേശ്വരം. ഭഗവാൻ ശിവന്റെ പന്ത്രണ്ടു ജ്യോതിർലിംഗങ്ങളിൽ ആദ്യത്തേത് ഇവിടെയാണ് .

പുരാണങ്ങളിലും മഹാഭാരതത്തിലും സോമനാഥേശ്വര പരാമർശമുണ്ട്. ഈ ക്ഷേത്രം എന്ന് നിർമിച്ചുവെന്നു ശാസ്ത്രീയമായി തിട്ടപ്പെടുത്താനാകില്ല. ഉള്ളത് പുരാണത്തിലും മഹാഭാരതത്തിലും ഉള്ള തെളിവുകൾ ആണ്. അതൊന്നും ചരിത്രകാരന്മാർക്കു ബോധിക്കില്ലല്ലോ.  ചരിത്രാതീത കാലത്തുള്ള ആ ക്ഷേത്രം എങ്ങിനെ നശിച്ചുവെന്നും അറിയില്ല.ഒരുപക്ഷെ പ്രകൃതിക്ഷോഭത്തിലായിരിക്കണം . പിന്നീട് അത് പുനർ നിർമിച്ചത് വല്ലഭി രാജവംശമായിരുന്നു. ഈ ക്ഷേത്രം അറബ് അധിനിവേശത്തിൽ നശിപ്പിക്കപ്പെടുകയും പുനർ നിർമ്മിക്കുകയും ചെയ്തു.

തുടർന്ന് ഒന്നിൽകൂടുതൽ തവണകളായി , ഗസ്‌നിയുടെ ആക്രമത്തിൽ നശിപ്പിക്കപ്പെട്ട ക്ഷേത്രം വീണ്ടും പുനർ നിർമ്മിച്ചു. മാല്വരാജവംശം പുനര്നിര്മ്മിച്ച ഈ ക്ഷേത്രം വീണ്ടും തച്ചുടയ്ക്കാൻ എത്തിയത് അലാവുദ്ധീൻ ഖിൽജിയാണ് . മഹിപാലരാജാവ് പുനർ നിർമ്മിച്ച ക്ഷേത്രം മുസാഫിർ ഷാ അടിച്ചു തകർത്തു. തുടർന്ന് മെഹ്മൂദും ഒടുവിലായി ഔറംഗസീബും ക്ഷേത്രം നശിപ്പിച്ചവരിൽ പെടും. തുടർന്ന് ക്ഷേത്രം അഹല്യാഭായും ഏതാനും രാജാക്കന്മാരും കൂടിച്ചേർന്നു പുനർ നിർമ്മിച്ചു.തുടർന്ന് സർദാർ പട്ടേലും കെഎം മുൻഷിയുടെയും നേതൃത്വത്തിൽ, ഗാന്ധിജിയുടെ അനുഗ്രഹാശിസ്സുകളോടെ, പൊതുജനങ്ങളിൽ നിന്നും പിരിവെടുത്തു ക്ഷേത്ര പുനരുദ്ധാരണം ആരംഭിച്ചു, അതാണ് മുകളിൽ പറഞ്ഞ, നാം ഇന്ന് കാണുന്ന ആ അഭിമാന സ്തംഭം.

പൗരാണിക സോമനാഥ സാമ്പത്തിനെപ്പറ്റിയൊന്നും പറയാതിരിക്കുകയാണ് ഭേദം. എണ്ണമറ്റ ഒട്ടകപ്പുറത്തു, എണ്ണമറ്റ ചാക്കുകളിൽ, അമൂല്യങ്ങളായ രത്നങ്ങളും സ്വർണ്ണ വിഗ്രഹങ്ങളും എന്ന് വേണ്ട സകലതും പ്രാകൃതരും ക്രൂരന്മാരുമായ ഈ കൊള്ളക്കാർ അപഹരിച്ചു. ഗസ്‌നി, ക്ഷേത്രത്തിലെ കൂറ്റൻ ചന്ദന വാതിലുകൾ ഒരുപാട് കഷ്ടപ്പെട്ടിട്ടാണെങ്കിലും എടുത്തു കൊണ്ട് പോയി. അയാളുടെ ശവ കുടീരം ഈ ചന്ദന വാതിൽ കൊണ്ടാണ് പണിതിരുന്നത് . ശതാബ്ദങ്ങൾക്കു ശേഷം അത് അവിടെ നിന്നും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിലെ വല്യ കൊള്ളക്കാരൻ , Rothschild കൊണ്ട് പോയിട്ടുണ്ട് എന്നും കേൾക്കുന്നു.ഇപ്പോൾ അത് ഏതെങ്കിലും ഒരു റോതസ്ചൈൽഡ് കൊട്ടാരത്തിലുണ്ടാവണം.

ഭൂസ്പർശനമില്ലാതായിരുന്നു സോമനാഥേശ്വര ശിവലിംഗം സ്ഥിതി ചെയ്തിരുന്നതത്രെ . വായുവിൽ സ്ഥിതി ചെയ്ത ആ ലിംഗത്തെക്കുറിച്ചു ഗസ്‌നിയുടെ കൂടി വന്ന പേർസ്യൻ ചരിത്രകാരൻ Kazvini എഴുതിയിട്ടുണ്ട് . ഇതിനു കാരണം സ്യമന്തകമണിയായിരുന്നു എന്ന് കേൾവിയുണ്ട് . പക്ഷെ ദൗർഭാഗ്യവശാൽ തെളിവുകളൊന്നുമില്ല. കാന്തിക ശക്തിയും ഭൂഗുരുത്വവും ഒക്കെയാണ് ഇതിനു കാരണമായി ചരിത്രകാരന്മാർ പറയുന്നത്.സോമനാഥ ക്ഷേത്രത്തിന്റെ ഉൾവശം പ്രകാശിച്ചിരുന്നത് ദീപപ്രഭ കൊണ്ടല്ല രത്നപ്രഭ കൊണ്ടായിരുന്നത്രെ. ആരാധനയ്ക്കായുള്ള ക്ഷേത്രമണിയുടെ ചങ്ങലയാകട്ടെ 200 മനുഷ്യന്മാർക്കൊപ്പം തൂക്കമുള്ള സ്വർണ്ണചങ്ങലയായിരുന്നു. ഇതൊക്കെ ആ കൊള്ളക്കാർ തന്നെ എഴുതിവെച്ചതാണ്.. പടയാളികളെ വധിച്ച ശേഷം ക്ഷേത്രത്തിനുള്ളിൽ കടന്ന കൊള്ളക്കാർ പതിവ് കലാപരിപാടികളായ കൊലപാതകം ബലാൽസംഗം തുടങ്ങിയവയെല്ലാം നടത്തി.

50000 തിലധികം പേര് ക്ഷേത്രത്തിനുള്ളിൽ തന്നെയുണ്ടായിരുന്നുവത്രേ . അവരെല്ലാം കാലപുരി പൂകി.. തൽക്ഷണം മരിച്ച പുരുഷന്മാർ ഭാഗ്യവാന്മാരെന്നു ലൈംഗികാടിമകൾ ആയി മാറിയ സ്ത്രീകൾ വേദനയോടെ ഓർത്തിരിക്കണം.അങ്ങനെ എണ്ണമറ്റ ഒട്ടകപ്പുറത്തും കുതിരപ്പുറത്തും ആനപ്പുറത്തുമായി സമ്പത്ത് ഒന്നടങ്കം ഗസ്‌നിയുടെ തറവാട്ടിലേക്ക് കൊണ്ട് പോയി. കട്ടെടുത്ത മുതൽ കൊണ്ട് സ്വന്തം തറവാടും രാജ്യവും പുതുക്കിപ്പണിഞ്ഞു അഞ്ചാറു കൊല്ലം ഗസ്‌നി സുഖായി(???) വാണു.പിന്നെ എല്ലാ മനുഷ്യരെയും പോലെ അയാളും മരിച്ചു പോയി.
നമ്മൾ പറഞ്ഞു വന്നത് സോമനാഥമെന്ന അഭിമാന സ്തംഭത്തെ കുറിച്ചാണ്.

രാജ്യത്തിൽ നിന്നല്ല ക്ഷേത്ര നിർമ്മാണത്തിന് വേണ്ട പണം പൊതുജനങ്ങളിൽ നിന്ന് പിരിച്ചെടുക്കണം എന്ന് ഗാന്ധിജി പറഞ്ഞിരുന്നതിനാൽ . പട്ടേലും മുൻഷിയും , ഹൈന്ദവ ജനതയുടെ ഹൃദയത്തിലേക്ക് കടന്നു കയറും വിധം ക്ഷേത്രത്തിലെ കൊള്ളകളും തകർന്നടിഞ്ഞ രീതിയും ഉറക്കെ വെളിപ്പെടുത്തി.ഗസ്‌നിയുടെ ക്രൂരതകൾ ഒരു കൊച്ചുകുഞ്ഞിനു വരെ ബോധ്യമാകും വിധം പട്ടേൽ ഉറപ്പിച്ചെടുത്തു .കുലപതിയാകട്ടെ ആ യുദ്ധത്തെയും , വിഫലമായിപ്പോയ ചെറുത്തു നിൽപ്പുകളെയും , ഇടയിൽ നടന്ന ചതിയുടെയും , ഇസ്‌ലാമിക അധിനിവേശക്കാർ ചെയ്തു കൂട്ടിയ ആക്രമങ്ങളെയും വിസ്തരിച്ചു കൊണ്ട് ചരിത്രത്തെ കൂട്ടുപിടിച്ചു ഒരു നോവൽ തന്നെ എഴുതി.ഇതെല്ലാം കണ്ടും കേട്ടും സോമനാഥം തദ്ദേശീയർക്കും അല്ലാത്തവർക്കും മനസ്സിലെ വിങ്ങലായി മാറി.അത് പുനരുദ്ധരിക്കേണ്ടത് ഒരു ജനതയുടെ അഭിമാന പ്രശ്നമായി.

ഏതാനും വർഷങ്ങൾക്കുള്ളിൽ ക്ഷേത്രം പുനർനിർമ്മിക്കപ്പെട്ടു ..അങ്ങനെയാണ് നിരവധിപ്രാവശ്യം തച്ചു തകർക്കപ്പെട്ട സോമനാഥം ഭാരതത്തിന്റെ അഭിമാന സ്തംഭമായി മാറുന്നത്.അവസാനമായി കൊള്ളയടിച്ച സമ്പത്ത് കൊണ്ട് അഭിവൃദ്ധിപ്പെട്ട (???) അഫ്‌ഗാനിസ്ഥാന്റെ ഇന്നത്തെ നിലയും ഭാരതത്തിന്റെ നിലയും ഒന്നോർക്കുക.. കട്ടും പിടിച്ചു പറിച്ചും അന്യന്റെ ചോരയിലും കണ്ണീരിലും കെട്ടിപ്പൊക്കിയ സാമ്രാജ്യങ്ങളൊന്നും അധിക കാലം നില നിൽക്കുകയില്ല എന്ന ശാശ്വത സത്യമോർക്കുക.

പിന്നെ ഇന്നും ശാശ്വതമായ ആന്തരിക സമ്പത്തിന്റെയും ആധ്യാത്മിക ശക്തിയുടെയും കേദാരഭൂമിയെക്കുറിച്ചു, ഭാരതത്തെക്കുറിച്ചു , എണ്ണമറ്റ , അമൂല്യമായ പൈതൃക മാതൃക സമ്പത്തുകളെക്കുറിച്ചു വെറുതെയെങ്കിലുമൊന്നു അഭിമാനം കൊള്ളുക.
വന്ദേ ഭാരതമാതരം… !!!!!

കൃഷ്ണപ്രിയ