കൊല്ലത്ത് ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറി: ഒരാൾ മരിച്ചു


കൊല്ലം: കൊല്ലത്ത് ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചു. തമിഴ്നാട് കൊടമംഗലം സ്വദേശിയും ഭിന്നശേഷിക്കാരനുമായ പരശുരാമൻ (60) ആണ് മരിച്ചത്. സംഭവത്തിൽ പത്തുപേർക്ക് പരുക്കേറ്റിട്ടുണ്ട്. തമിഴ്നാട്ടിലെ കൊടമംഗലം സ്വദേശികളാണ് അപകടത്തിൽപ്പെട്ടവരെല്ലം. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് മദ്യലഹരിയിൽ ബൈക്കോടിച്ചെത്തിയ യുവാവിന്റെ ബൈക്ക് വഴിയരികിൽ കിടന്നുറങ്ങിയവരുടെ ഇടയിലേക്ക് പാഞ്ഞുകയറിയത്.

കൊല്ലം നഗരത്തിനടുത്ത് മൂതാക്കരയിലാണ് സംഭവം. വഴിയരികിൽ നിരന്നുകിടന്ന് ഉറങ്ങുകയായിരുന്നു അപകടത്തിൽപ്പെട്ടവർ. പരശുരാമന്റെ തലയിലൂടെ ബൈക്ക് പാഞ്ഞുകയറി. കണ്ണിന് ഗുരുതരമായി പരിക്കേറ്റ സരസ്വതിയെയും രാജിയെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സരസ്വതിക്ക് തലയ്ക്ക് പൊട്ടലുണ്ട്. തോളെല്ലിനും ഗുരുതരമായി പരിക്കേറ്റു.

കീരസ്വാമി (60), അറുമുഖം (54), തങ്കരാജ് (80), കാവേരി (80), വീരസ്വാമി (60), ചന്ദ്രമണി (45), സുശീല (52), സുന്ദരി (58) എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവർ. ഇവർ കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സതേടി. കടലോരത്ത് വിവിധ ജോലികൾ ചെയ്തും ഭിക്ഷാടനം നടത്തിയും കഴിഞ്ഞിരുന്നവരാണ് അപകടത്തിൽപ്പെട്ടവർ.

ബൈക്കിൽ രണ്ടുപേരാണ് ഉണ്ടായിരുന്നത്. ബൈക്ക് ഓടിച്ച പള്ളിത്തോട്ടം സ്വദേശി സുബിനും (24) പരിക്കേറ്റു. ഇയാൾ ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ബൈക്കിലുണ്ടായിരുന്നവർ മദ്യലഹരിയിലായിരുന്നെന്ന് പോലീസ് പറഞ്ഞു.