ന്യൂഡൽഹി: രാജ്യത്തെ സഹകരണ ബാങ്കുകൾക്ക് നേരെ വീണ്ടും നടപടി കടുപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. അഞ്ച് ബാങ്കുകൾക്കാണ് ഇത്തവണ പിഴ ചുമത്തിയിരിക്കുന്നത്. പ്രഗതി മഹിള നഗരിക് സഹകരണ ബാങ്ക്, ജനത സഹകരണ ബാങ്ക്, ജില്ലാ സഹകരണ സെൻട്രൽ ബാങ്ക്, കാരാട് അർബൻ സഹകരണ ബാങ്ക്, ദി കലുപൂർ കൊമേഴ്ഷ്യൽ കോ-ഓപ്പറേറ്റീവ് ബാങ്ക് തുടങ്ങിയ ബാങ്കുകൾക്കാണ് പിഴ ചുമത്തിയിരിക്കുന്നത്. ഈ ബാങ്കുകൾക്ക് ചുമത്തിയ പിഴകൾ റെഗുലേറ്ററി നിയമങ്ങൾ പാലിക്കുന്നിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും, ബാങ്കുകൾ അവരുടെ ഇടപാടുകാരുമായി ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്റെയോ സാധുതയെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതല്ലെന്നും ആർബിഐ വ്യക്തമാക്കി.
നിശ്ചിത കാലയളവിനുള്ളിൽ ഡെപ്പോസിറ്റർ എജുക്കേഷൻ ആൻഡ് അവയർനസ് ഫണ്ടിലേക്ക് അർഹമായ തുക കൈമാറാത്തതിനെ തുടർന്ന് കലുപൂർ കൊമേഴ്ഷ്യൽ കോ-ഓപ്പറേറ്റീവ് ബാങ്കിന് 26.60 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്. നിക്ഷേപങ്ങളുടെ പലിശ സംബന്ധിച്ച് ആർബിഐ പുറപ്പെടുവിച്ച മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് കാരാട് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് 1.30 ലക്ഷം രൂപയാണ് പിഴ അടക്കേണ്ടത്. ബുള്ളറ്റ് തിരിച്ചടവ് സ്കീമിന് കീഴിലെ നിയന്ത്രണ പരിധിയിൽ കൂടുതൽ സ്വർണവായ്പ അനുവദിച്ചതിനെ തുടർന്ന് ജനത സഹകരണ ബാങ്കിന് 5 ലക്ഷം രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്.