തിരുവനന്തപുരം: പന്നിയെ പിടികൂടുന്നതിനായി വെച്ച കെണിയുടെ കമ്പിവേലിയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. വെഞ്ഞാറമൂട് വെള്ളമണ്ണടി ചക്കക്കാട് സ്വദേശിയായ ഉണ്ണി (35) ആണ് ഷോക്കേറ്റ് മരിച്ചത്. ഇന്ന് പുലർച്ചെയോടെയായിരുന്നു ദാരുണമായ സംഭവം. ഉണ്ണിയും സുഹൃത്തുക്കളും പുഴയിൽ നിന്ന് മീൻ പിടിച്ച് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. രാത്രിയായതിനാൽ വൈദ്യുതി കമ്പിവേലി ശ്രദ്ധിച്ചിരുന്നില്ല. പന്നികളെ പിടികൂടാനായാണ് പ്രദേശത്ത് കമ്പിവേലി സ്ഥാപിച്ചത്. ബൈക്കിൽ പിന്നാലെത്തിയ സുഹൃത്തുക്കൾ ഉണ്ണിയെ കാണാതായതോടെ നടത്തിയ പരിശോധനയിലാണ് ഷോക്കേറ്റ് നിലത്ത് കിടക്കുന്നതായി കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.