അമിത വിയർപ്പ് സ്ഥിരം വില്ലനാണോ? കാരണമറിയാം


ചൂടുകാലത്തും തണുപ്പുകാലത്തും വിയർക്കുന്നത് ഒരു സാധാരണ പ്രക്രിയ തന്നെയാണ് എങ്കിലും, കാലവസ്ഥ അനുകൂലമായിരിക്കേ അസാധാരണമായി വിയർക്കുന്നതിന് ചില കാരണങ്ങൾ ഉണ്ട്. അവ എന്തൊക്കെയെന്ന് മനസിലാക്കാം…

അമിതമായ ഉത്കണ്ഠയോ ക്ഷീണമോ ഉള്ളവർ എളുപ്പത്തിൽ വിയർക്കുന്നു. വിയർപ്പ് ഗ്രന്ഥികൾ ഇത്തരക്കാരിൽ സാധാരണയിൽ കവിഞ്ഞ് പ്രവർത്തിക്കുന്നതാണ് ഇതിന് കാരണം. ഗർഭിണികൾ കൂടുതലായി വിയർക്കുന്നതിന് പിന്നിൽ, ഗർഭകാലത്ത് ആകെ ഹോർമോണുകളുടെ അളവിൽ പല വ്യത്യാസങ്ങളും കാണുന്നതും ശരീരത്തിലെ മറ്റ് പ്രവർത്തനങ്ങൾ സാധാരണ രീതിയിൽ നിന്ന് വ്യത്യസ്തമാകുന്നതുമാണ് കാരണം.

ഹോർമോണുകളുടെ വ്യത്യാസം കൊണ്ട് ആർത്തവ വിരാമം നേരിടുന്ന സ്ത്രീകളും അമിതമായി വിയർക്കും. ആർത്തവ വിരാമത്തിന്റെ സമയം കഴിഞ്ഞ്, ഹോർമോൺ ഉത്പാദനം പഴയ രീതിയിലേക്ക് തിരിച്ചു വരുമ്പോൾ ഈ പ്രശ്‌നം മാറുന്നു. എന്നാൽ, ചിലരിൽ ആർത്തവ വിരാമത്തിന് മുന്നോടിയായി തന്നെ അമിത വിയർക്കലുൾപ്പെടെയുള്ള ശാരീരിക വ്യതിയാനങ്ങൾ ഉണ്ടാകുന്നു.

രക്തത്തിൽ പഞ്ചസാരയുടെ അളവ് താഴുന്ന സാഹചര്യത്തിലും അസുഖകരമായ ഉറക്കവും ശരീരം മുഴുവൻ വിയർക്കുവാൻ കാരണമാകും. ഇത് കൂടാതെ, പല തരത്തിലുള്ള മരുന്നുകൾ കഴിക്കുമ്പോൾ ഉണ്ടാകുന്ന ദോഷഫലമായി അമിതമായ വിയർപ്പ് ഉണ്ടാകും. മരുന്നു കഴിച്ച് തീരുന്നതോടെ ഈ പ്രശ്‌നം മാറിക്കിട്ടും. പ്രത്യേക തരത്തിലുള്ള ഭക്ഷണം, ഉദാഹരണത്തിന് മസാല ചേർത്തവ, കഫീൻ ചേർത്തവ, ആൽക്കഹോൾ കലർത്തിയവ എന്നിവ കഴിക്കുന്നതും അമിതമായ വിയർപ്പുണ്ടാക്കും.