കുടുംബശ്രീ യോഗം നടക്കുന്നിടത്ത് വോട്ട് ചോദിക്കുന്നതില്‍ തെറ്റില്ലെന്ന് തോമസ് ഐസക്


തിരുവനന്തപുരം: കുടുംബശ്രീ യോഗം നടക്കുന്ന സ്ഥലത്ത് സ്ഥാനാര്‍ഥി എന്ന നിലയില്‍ പോയി വോട്ടഭ്യര്‍ഥിക്കുന്നതില്‍ തെറ്റില്ലെന്ന് എല്‍.ഡി.എഫ് സ്ഥാനാർഥി തോമസ് ഐസക്. പെരുമാറ്റച്ചട്ട ലംഘന ആരോപണത്തിന് കളക്ടര്‍ വിശദീകരണം തേടിയതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കുടുംബശ്രീയുമായി തനിക്ക് വര്‍ഷങ്ങളുടെ ബന്ധമുണ്ടെന്നെന്ന് പറഞ്ഞ അദ്ദേഹം, ആ പ്രസ്ഥാനം രൂപവത്കരിക്കുന്നതിനുള്ള കമ്മിറ്റിയുടെ ചെയര്‍മാന്‍ താനായിരുന്നുവെന്നും വ്യക്തമാക്കി.

കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടികളില്‍ താന്‍ പങ്കെടുത്തിട്ടില്ല. വിജ്ഞാന പത്തനംതിട്ട എന്ന തൊഴില്‍ദാന പദ്ധതി തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് മുമ്പ് തുടങ്ങിയതാണ്. അത് കെ-ഡിസ്‌ക് വഴിയാണ് നടപ്പാക്കുന്നത്. കെ-ഡിസ്‌ക് ആ ജോലി തുടരുകതന്നെ ചെയ്യും. സ്ഥാനാര്‍ഥിയായതിനാല്‍ താന്‍ ഇപ്പോള്‍ അതില്‍ ഇടപെടുന്നില്ല. പരാജയഭീതി മൂലമാണ് കോണ്‍ഗ്രസ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. കളക്ടറുടെ കത്തിന് കൃത്യമായ മറുപടി നല്‍കുമെന്നും ഐസക്ക് പറഞ്ഞു.

അതേസമയം, മൂന്ന് ദിവസത്തിനകം വിശദീകരണം നല്‍കാനാണ് തോമസ് ഐസക്കിന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയത്. തോമസ് ഐസക്കിനെതിരെ യുഡിഎഫ്, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലും ജില്ലാ കളക്ടർക്കും പരാതി നൽകിയിരുന്നു. കുടുംബശ്രീ വഴി വായ്പ വാഗ്ദാനം, കെ ഡിസ്ക് വഴി തൊഴിൽദാന പദ്ധതി എന്നിവയ്ക്കെതിരെയാണ് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. ഇതുമായി ബന്ധപ്പെട്ട് ഈ പരാതിയിലാണിപ്പോള്‍ ജില്ലാ കളക്ടര്‍ വിശദീകരണം തേടിയത്. ജില്ലാ കളക്ടര്‍ വിശദീകരണം തേടിയതിലൂടെ ചട്ടലംഘനം വ്യക്തമായെന്ന് പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്‍റ് എ സുരേഷ് കുമാര്‍ പറഞ്ഞു.