മുംബൈ: മുംബൈ വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. 19.79 കോടി രൂപ വിലമതിക്കുന്ന 1,979 ഗ്രാം കൊക്കെയ്ന്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് പിടികൂടി. സംഭവത്തില്‍ പശ്ചിമാഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണില്‍ നിന്നുള്ള ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തു.
കെനിയന്‍ തലസ്ഥാനമായ നെയ്റോബിയില്‍ നിന്നാണ് യുവതി മുംബൈയിലെത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഷൂസ്, മോയ്സ്ചറൈസര്‍ ബോട്ടില്‍, ഷാംപൂ ബോട്ടില്‍ തുടങ്ങിയവയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്.
ശാസ്ത്രീയ പരിശോധനയില്‍ ഇത് കൊക്കെയ്ന്‍ ആണെന്ന് കണ്ടെത്തി. വിപണിയില്‍ 19.79 കോടി രൂപ വിലമതിക്കുന്ന 1,979 ഗ്രാം കൊക്കെയ്‌നാണ് പിടിച്ചെടുത്തത്. യുവതിയെ അറസ്റ്റ് ചെയ്യുകയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യുകയും ചെയ്തു. കള്ളക്കടത്ത് ശൃംഖലയെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍.