സിന്ദൂരം ധരിക്കുന്നത് വിവാഹിതയായ ഹിന്ദു സ്ത്രീകളുടെ മതപരമായ കടമയാണെന്ന് കുടുംബ കോടതി. മധ്യപ്രദേശ് ഇന്‍ഡോറിലെ കുടുംബ കോടതിയാണ് വിവാദപരമായ ഉത്തരവിട്ടത്. ഹിന്ദു വിവാഹ നിയമപ്രകാരം തന്റെ അവകാശങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ ഭര്‍ത്താവ് നല്കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം.
വിവാഹമോചനം തേടിയെത്തിയ ഭാര്യ അഞ്ച് വര്‍ഷം മുമ്പ് തന്നെ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് താമസിച്ച് വരുകയായിരുന്നു. 2017 ല്‍ വിവാഹിതരായ ദമ്പതികള്‍ക്ക് അഞ്ച് വയസ്സുള്ള ഒരു മകനുണ്ട്. സിന്ദൂരം ധരിക്കുന്നത് മതപരമായ കടമയാണെന്ന് ചൂണ്ടിക്കാണിച്ച കോടതി ഉടന്‍തന്നെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് മടങ്ങി പോകാനും സ്ത്രീയോട് നിര്‍ദ്ദേശിച്ചു. മധ്യപ്രദേശ് ഇന്‍ഡോര്‍ കുടുംബകോടതി പ്രിന്‍സിപ്പല്‍ ജഡ്ജ് എന്‍പി സിംഗാണ് വിവാദ നിര്‍ദ്ദേശം നല്‍കിയത്.
സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് നിരന്തരം പീഡിപ്പിച്ചിരുന്നതായി സ്ത്രീ കോടതിയില്‍ പറഞ്ഞു. എന്നാല്‍ ഇവര്‍ താന്‍ നേരിട്ട അതിക്രമങ്ങളെ കുറിച്ച് നേരത്തെ രേഖാമൂലം പരാതി നല്‍കിയിട്ടില്ലെന്ന കാരണം കണക്കിലെടുത്ത് കോടതി സ്ത്രീയുടെ വാദം തള്ളുകയായിരുന്നു.