സംസ്ഥാനത്ത് പട്ടാപ്പകല്‍ വന്‍ കവര്‍ച്ച,സ്വകാര്യ ബാങ്കിന്റെ എടിഎമ്മില്‍ നിറയ്ക്കാന്‍ എത്തിച്ച 50 ലക്ഷം രൂപ കൊള്ളയടിച്ചു 


കാസര്‍കോട്: സ്വകാര്യ ബാങ്കിന്റെ എടിഎമ്മില്‍ നിറയ്ക്കാന്‍ എത്തിച്ച 50 ലക്ഷം രൂപ കൊള്ളയടിച്ചു. മഞ്ചേശ്വരം ഉപ്പളയില്‍ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ആക്‌സിസ് ബാങ്കിന്റെ എടിഎമ്മിലേക്ക് പണവുമായി എത്തിയപ്പോഴായിരുന്നു കവര്‍ച്ച. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഉപ്പള ബസ് സ്റ്റാന്‍ഡിന്റെ മുന്‍വശത്തുള്ള എടിഎമ്മില്‍ പണം നിറയ്ക്കാനാണ് സ്വകാര്യ ഏജന്‍സിയുടെ വാഹനമെത്തിയത്. വാഹനത്തിന്റെ പിറകിലുള്ള അറയില്‍ 50 ലക്ഷം രൂപ സൂക്ഷിച്ചിരുന്നു. വാഹനം ഉപ്പളയില്‍ എത്തിയപ്പോള്‍ പണത്തിന്റെ കെട്ടുകള്‍ വാഹനത്തിന്റെ മദ്ധ്യഭാഗത്തെ സീറ്റില്‍ ജീവനക്കാര്‍ എടുത്ത് വച്ചു.

തുടര്‍ന്ന് പണം എടിഎമ്മില്‍ നിക്ഷേപിക്കുന്നതിനായി വാഹനം ലോക്ക് ചെയ്ത് ജീവനക്കാര്‍ എടിഎം കൗണ്ടറിലേക്ക് നടന്നു. ഇതിനിടെയാണ് കവര്‍ച്ച നടന്നത്. സീറ്റില്‍ വച്ചിരുന്ന 50 ലക്ഷം രൂപ വാഹനത്തിന്റെ ചില്ല് തകര്‍ത്ത് കവരുകയായിരുന്നു. ചുവന്ന ടീഷര്‍ട്ട് ധരിച്ചെത്തിയ ആളാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് ജീവനക്കാര്‍ പറഞ്ഞു. പ്രതിക്കായി വ്യാപക തിരച്ചില്‍ ആരംഭിച്ചിരിക്കുകയാണ് പൊലീസ് .