ലഖ്‌നൗ: ഗുണ്ടാനേതാവും രാഷ്ട്രീയക്കാരനുമായ മുഖ്താര്‍ അന്‍സാരി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. ജയിലില്‍ വെച്ച് വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മുക്താര്‍ അന്‍സാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകുന്നേരമാണ് ബന്ദ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇദ്ദേഹത്തെ എത്തിച്ചത്. എന്നാൽ, മുക്താർ അൻസാരിക്ക് ജയിലില്‍ വെച്ച് ഭക്ഷണത്തില്‍ വിഷം കലർത്തി നല്‍കിയെന്ന് സഹോദരൻ അഫ്സല്‍ അൻസാരി ആരോപിച്ചിരുന്നു.
ജയിലില്‍ ഭക്ഷണത്തില്‍ വിഷം കലർന്ന പദാർത്ഥം നല്‍കിയെന്ന് മുഖ്താർ പറഞ്ഞുവെന്നാണ് സഹോദരന്‍ പറയുന്നത്. ഇത് രണ്ടാം തവണയാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും, 40 ദിവസം മുമ്പും വിഷം നല്‍കിയിരുന്നുവെന്നും സഹോദരന്‍ ആരോപിച്ചു. ഗാസിപൂരില്‍ നിന്നുള്ള എംപിയാണ് അഫ്‌സല്‍.