യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം: 4 പേര്‍ അറസ്റ്റില്‍


തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. കാഞ്ഞിരംകുളം സ്വദേശികളായ അഭിജിത്ത്, ജിപിന്‍, മനോജ്, രഞ്ജിത്ത് എന്നിവരാണ് അറസ്റ്റിലായത്.

നെയ്യാറ്റിന്‍കര പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. രണ്ട് ദിവസം മുമ്പാണ് ഊരുട്ടുകാല സ്വദേശി ആദിത്യനെ(23) നടുറോഡിലിട്ട് പ്രതികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തര്‍ക്കത്തിനിടെ അക്രമികളില്‍ ഒരാള്‍ ആദിത്യന്റെ കഴുത്തില്‍ വെട്ടുകയായിരുന്നു. റോഡില്‍ വീണ യുവാവിനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അതേസമയം, അന്വേഷണം പുരോഗമിക്കുന്നതിനിടെ പ്രതികള്‍ ഉപയോഗിച്ച കാറിന്റെ ഉടമയുടെ പിതാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കാറുടമ അച്ചുവിന്റെ പിതാവായ ഡ്രൈവര്‍ സുരേഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വാഹന ഉടമയായ മകന് കേസില്‍ പങ്കുണ്ടോയെന്ന സംശയത്തിലാണ് പൊലീസ്. ഇത് സംബന്ധിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് സുരേഷിന്റെ അപ്രതീക്ഷിത മരണം.