ലഹരിമരുന്നുമായി നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളായ പത്തംഗ ഗുണ്ടാസംഘം പൊലീസിന്റെ പിടിയില്‍


കൊച്ചി: കൊച്ചിയില്‍ ലഹരിമരുന്നുമായി നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളായ പത്തംഗ ഗുണ്ടാസംഘം പൊലീസിന്റെ പിടിയില്‍. പനമ്പിള്ളി നഗറിലെ വാടകവീട്ടില്‍ നിന്നാണ് എംഡിഎംഎയും ലഹരിമരുന്ന് വില്‍പനയ്ക്ക് സജ്ജമാക്കിയ ഉപകരണങ്ങളും അടക്കം സംഘം പിടിയിലായത്. കേരളത്തിന്റെ വിവിധ ഭാഗത്ത് നിന്നെത്തിയ പ്രതികള്‍ ലഹരികടത്തിനോ ക്വട്ടേഷന്‍ പ്രവര്‍ത്തനത്തിനോ എത്തിയതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.

കൊലപാതക കേസിലും ലഹരിക്കടത്ത് കേസിലും ഉള്‍പ്പെടെ പ്രതികളായവരാണ് എറണാകുളം സൗത്ത് പൊലീസിന്റെ പിടിയിലായത്. വിവിധ ജില്ലകളില്‍ നിന്നുള്ള ക്രിമിനലുകള്‍ കൊച്ചിയിലെത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പനമ്പള്ളി നഗറിലെ വാടക വീട്ടില്‍ പരിശോധന നടന്നത്. വീടിന്റെ രണ്ടാം നിലയിലാണ് സംഘം താമസിച്ചിരുന്നത്. ജ്യൂസ് കടയിലെ ജീവനകാരെന്ന് പറഞ്ഞാണ് വീട് വാടകയ്‌ക്കെടുത്തതെന്നും എത്രപേരാണ് വീട്ടിലുള്ളതെന്ന് അറിയില്ലെന്നുമാണ് വീട്ടുടമ പൊലീസിനോട് പറഞ്ഞത്.

പൊലീസ് എത്തിയപ്പോള്‍ മുറിയില്‍ കണ്ടത് പത്തുപേരെയാണ്. തുടര്‍ന്നുള്ള പരിശോധനയില്‍ മൂന്നര ഗ്രാം എംഡിഎംഎ കണ്ടെത്തി. മുറിയില്‍ ചുമരില്‍ തൂക്കിയിരുന്ന ക്ലോക്കില്‍ ബാറ്ററി ഇടുന്ന ഭാഗത്ത് അതിവിദഗ്ദമായാണ് ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നത്. മലപ്പുറം സ്വദേശികളായ മുഹമ്മദ് അജ്മല്‍, മുബഷീര്‍, മുഹമ്മദ് ഷെഫീക്, സബീര്‍, ആകാശ്, ശ്യാം, നവനീത്, തൃശൂര്‍ സ്വദേശികളായ ശരത്, ജിതിന്‍, പാലക്കാട് സ്വദേശി മഹേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.