അഭിഭാഷകനെ മയക്കുമരുന്ന് കേസിൽ കുടുക്കാൻ ശ്രമിച്ചു: മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിന് 20 വർഷം തടവ് ശിക്ഷ


അഹമ്മദാബാദ്: ബനാസ്കാന്ത എസ്പിയായിരിക്കെ സുമേർ സിങ് രാജപുരോഹിത് എന്ന അഭിഭാഷകനെ ലഹരിമരുന്നു കേസിൽ കുടുക്കാൻ ശ്രമിച്ചെന്ന കേസിൽ മുൻ ഐപിഎസ് ഓഫീസർ സഞ്ജീവ് ഭട്ടിന് 20 വർഷം തടവ് ശിക്ഷ. മാർച്ച് 27 ന് ഈ കേസിൽ ഭട്ടിനെ ശിക്ഷിച്ച രണ്ടാം അഡീഷണൽ സെഷൻസ് ജഡ്ജി ജതിൻ താക്കറാണ് ശിക്ഷ വിധിച്ചത്.

കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ ഇരുപത് വർഷമായി ജീവപര്യന്തം തടവ് അനുഭവിക്കുകയാണ് സഞ്ജീവ് ഭട്ട്.എൻഡിപിഎസ് ആക്‌ട് സെക്ഷൻ 21 (സി) പ്രകാരം കോടതി രണ്ട് ലക്ഷം രൂപ പിഴ ചുമത്തി. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി. എൻഡിപിഎസ് നിയമത്തിലെ സെക്ഷൻ 27 (എ) ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ, സെക്ഷൻ 116 എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾക്കും ഭട്ട് ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.

ഐപിസി, എൻഡിപിഎസ് നിയമത്തിലെ വിവിധ വകുപ്പുകൾക്കുള്ള ഭട്ടിൻ്റെ ജയിൽ ശിക്ഷ ഒരേസമയം നടപ്പാക്കുമെന്ന് കോടതി വിധിച്ചു. നിലവിൽ ജയിൽ ശിക്ഷ അനുഭവിക്കുന്നതും കോടതി വിധിപ്രകാരമുള്ള 20 വർഷത്തെ തടവും ഉൾപ്പടെ ആകെ 40 വർഷത്തെ തടവ് ശിക്ഷയാണ് സഞ്ജയ് ഭട്ട് അനുഭവിക്കേണ്ടി വരിക.

1996-ൽ ഗുജറാത്തിലെ ബനസ്‌കന്തയിലെ പൊലീസ് സൂപ്രണ്ട് (എസ്‌പി) ആയിരുന്ന ഭട്ട്, മയക്കുമരുന്ന് സൂക്ഷിച്ചതിന് രാജസ്ഥാൻ ആസ്ഥാനമായുള്ള അഭിഭാഷകൻ സുമർ സിംഗ് രാജ്‌പുരോഹിതിനെ അറസ്റ്റു ചെയ്തതോടെയാണ് കേസ് ആരംഭിക്കുന്നത്. ബനസ്‌കന്ത ജില്ലയിലെ പാലൻപൂരിലെ അഭിഭാഷകൻ താമസിച്ച ഹോട്ടൽ മുറിയിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയെന്നാണ് അന്നത്തെ പൊലീസിൻ്റെ മൊഴി.