മുക്താര്‍ അന്‍സാരിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം



ന്യൂഡല്‍ഹി: സമാജ് വാദി പാര്‍ട്ടി മുന്‍ എംഎല്‍എ മുക്താര്‍ അന്‍സാരിയുടെ മരണത്തില്‍ ഗുരുതര ആരോപണവുമായി മകന്‍ ഉമര്‍ അന്‍സാരി രംഗത്ത്. മുക്താര്‍ അന്‍സാരിക്ക് ജയിലില്‍ വിഷം നല്‍കിയെന്ന് ഉമര്‍ അന്‍സാരി പറഞ്ഞു. ജയിലില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മുക്താര്‍ അന്‍സാരിയുടെ മരണമെന്നാണ് റിപ്പോര്‍ട്ട്.

Read Also: മുക്താര്‍ അന്‍സാരിയുടെ പോസ്റ്റുമാര്‍ട്ടം ഇന്ന്, യുപിയില്‍ സുരക്ഷ ശക്തമാക്കി, ജില്ലയിൽ നിരോധനാജ്ഞ

ജയിലില്‍ വെച്ച് ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയെന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തില്‍ അന്വേഷണം വേണമെന്നും കോടതിയെ സമീപിക്കുമെന്നും കുടുംബം അറിയിച്ചു. ജയിലില്‍ വെച്ച് അബോധാവസ്ഥയില്‍ കാണപ്പെട്ട മുക്താര്‍ അന്‍സാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ വെച്ച് ഹൃദയാഘാതം മൂലം മരണം സംഭവിക്കുകയായിരുന്നു. അധികൃതരുടെ ഭാഗത്ത് നിന്ന് എന്നോട് ഒന്നും പറഞ്ഞിട്ടില്ല.

‘മാധ്യമങ്ങളിലൂടെയാണ് ഞാന്‍ ഇക്കാര്യം അറിഞ്ഞത്. എന്നാല്‍ ഇപ്പോള്‍, രാജ്യം മുഴുവന്‍ എല്ലാം അറിയുന്നു. രണ്ട് ദിവസം മുമ്പ് ഞാന്‍ അദ്ദേഹത്തെ കാണാന്‍ വന്നിരുന്നു. പക്ഷേ എന്നെ അനുവദിച്ചില്ല. മാര്‍ച്ച് 19ന് രാത്രി ഭക്ഷണത്തില്‍ വിഷം നല്‍കിയിട്ടുണ്ട്. ഇക്കാര്യം ഞങ്ങള്‍ ഉറപ്പിച്ച് പറയുകയാണ്. പിതാവിന്റെ മരണത്തില്‍ സത്യം എന്താണെന്ന് അറിയണം. അതിന് ഞങ്ങള്‍ നിയമപരമായി നീങ്ങും, ഞങ്ങള്‍ക്ക് അതില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും മകന്‍ പറഞ്ഞു. അതേസമയം, മുക്താര്‍ അന്‍സാരിയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് സമാജ് വാദി പാര്‍ട്ടിയും ആവശ്യപ്പെട്ടിട്ടുണ്ട്’.

സമാജ് വാദി പാര്‍ട്ടി മുന്‍ എംഎല്‍എയായിരുന്നു മുക്താര്‍ അന്‍സാരി. നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതിയാണ് അന്‍സാരി. വ്യാജ തോക്ക് ലൈസന്‍സ് കേസില്‍ ജീവപര്യന്തം തടവില്‍ കഴിയവേയാണ് അന്ത്യം. ഈ മാസമാണ് കേസില്‍ മുക്താര്‍ അന്‍സാരിയെ വാരാണസി കോടതി ശിക്ഷിച്ചത്. മുക്താര്‍ അന്‍സാരിയുടെ മരണത്തിന് പിന്നാലെ ഗാസിപ്പുരിലും, ബന്ദയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.