എന്റെ അടുത്തിരുന്ന അയാൾ ‘ആടുജീവിതം’ ഫോണിൽ പകർത്തി: പരാതിയുമായി നടി ആലീസ് ക്രിസ്റ്റി


ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം തിയേറ്ററുകളിൽ നിറഞ്ഞ സദസുകളിൽ പ്രദർശനം തുടരുമ്പോൾ ചിത്രം ഫോണിൽ പകർത്തിയ യുവാവിനെതിരെ പരാതിയുമായി സീരിയൽ നടിയും യൂട്യൂബറുമായ ആലീസ് ക്രിസ്റ്റി. താനും ഭർത്താവും ചെങ്ങന്നൂരുള്ള തിയേറ്ററിൽ ആടുജീവിതം കാണാൻ പോയപ്പോൾ പുറകിലിരുന്ന ആൾ ചിത്രം മൊബൈൽ ഫോണിൽ പകർത്തിയെന്നും, ഉടൻ തന്നെ തിയേറ്ററുടമകളോട് പരാതിപ്പെട്ടിട്ടും പ്രത്യേകിച്ച് ഗുണമൊന്നും ഇല്ലാത്തതുകൊണ്ട് പോലീസിൽ പരാതിപ്പെട്ടതായും ആലീസ് ക്രിസ്റ്റി പറയുന്നു. തിയേറ്ററുമായി ബന്ധപ്പെട്ട ആളുകൾ തന്നെയാണോ ഇതിനുപിന്നിലെന്ന് തനിക്ക് സംശയമുണ്ടെന്നും ആലീസ് ക്രിസ്റ്റി പറയുന്നു.

“സിനിമ തുടങ്ങിയപ്പോൾ മുതൽ എന്റെ തൊട്ടപ്പുറമുള്ള എ വൺ സീറ്റിലിരുന്ന വ്യക്തി ഫോൺ ഓണാക്കി വീഡിയോ എടുക്കാൻ തുടങ്ങി. ഏറെ നേരം വീഡിയോ എടുക്കുന്നത് മനസിലായപ്പോൾ ഞാൻ അയാളെ നോക്കി. എനിക്ക് മനസിലായിയെന്ന് മനസിലായപ്പോൾ അധികം ആരും ശ്ര​ദ്ധിക്കാത്ത തരത്തിൽ ഫോൺ മാറ്റി പിടിച്ച് വീഡിയോ റെക്കോർഡിങ് തുടങ്ങി. കുറച്ച് നേരം ശ്ര​ദ്ധിച്ചപ്പോൾ എനിക്ക് മനസിലായി പുള്ളി വീഡിയോ റെക്കോർഡ് ചെയ്യുകയാണെന്ന്.

ഓരോ സിനിമയും പ്രത്യേകിച്ച് ആടുജീവിതം എത്രത്തോളം ബുദ്ധിമുട്ടി എടുത്ത സിനിമയാണെന്ന് നമുക്ക് എല്ലാം അറിയാവുന്നതാണ്. അത്തരമൊരു സാഹചര്യത്തിൽ ആദ്യ ദിവസം തന്നെ ഒരാൾ തിയേറ്ററിൽ വന്നിരുന്ന് സിനിമ മുഴുവനായി ഫോണിൽ റെക്കോർഡ് ചെയ്താൽ പിന്നീട് അത് ഇൻർനെറ്റിൽ അപ്ലോഡ് ചെയ്താൽ അത് പിന്നെ സിനിമ സാരമായി ബാധിക്കും. ഈ ഫീൽഡിൽ പ്രവർത്തിക്കുന്നത് കൊണ്ടുതന്നെ അയാളുടെ പ്രവൃത്തി എന്നെ വല്ലാതെ സങ്കടപ്പെടുത്തി. കുറച്ചുനേരം ഇയാളുടെ പ്രവൃത്തി ശ്രദ്ധിച്ചശേഷം ഞാൻ എഴുന്നേറ്റ് പോയി തിയേറ്ററിന്റെ ഓഫീസിലുണ്ടായിരുന്ന ഒരാളോട് പരാതിപ്പെട്ടു. അദ്ദേഹം വന്ന് പരിശോ​ധിക്കാമെന്ന് പറയുകയും ചെയ്തു. ഞാൻ കരുതി ഉടൻ തന്നെ വന്ന് പരിശോധിക്കുമായിരിക്കുമെന്ന്.

കാരണം പുതിയ സിനിമയുടെ തിയേറ്റർ പ്രിന്റ് ഇറങ്ങിയാൽ ആളുകൾ തിയേറ്ററിലേക്ക് വരാതെയാകും. അത്രത്തോളം സീരിയസായി ഞാൻ കാര്യം അവതരിപ്പിച്ചിട്ടും തിയേറ്ററിന്റെ ബന്ധപ്പെട്ട ആളുകൾ ആരും തന്നെ അയാളുടെ പ്രവൃത്തിയെ ചോദ്യം ചെയ്യാൻ വന്നില്ല. ആ തിയേറ്ററുമായി ബന്ധപ്പെട്ടയാളുകളും കൂടി അറിഞ്ഞുകൊണ്ടാണോ അയാൾ സിനിമ മുഴുവൻ ഫോണിൽ പകർത്തിയതെന്നുപോലും ഞാൻ‌ സംശയിച്ചു. കാരണം സിനിമ കഴിഞ്ഞ് ഇറങ്ങിയശേഷം വീണ്ടും ഞാൻ തിയേറ്ററുമായി ബന്ധപ്പെട്ടയാളെ ചെന്ന് കണ്ട് സംസാരിച്ചപ്പോൾ യാതൊരു ഭാവവ്യത്യാസമോ ഒന്നും തന്നെ ഉണ്ടായില്ല. ഞാൻ പരാതിപ്പെട്ടിട്ടും പുല്ലുവിലയാണ് തന്നത്. അതുകൊണ്ട് തന്നെ ഞാൻ തിയേറ്ററിൽ നിന്നും ഇറങ്ങി വീഡിയോ റെക്കോർ‌ഡ് ചെയ്ത ആളുടെ വണ്ടിയുടെ നമ്പർ അടക്കം കുറിച്ചെടുത്ത് പോലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടിട്ടുണ്ട്’, ആലീസ് പറയുന്നു.