സ്ത്രീവേഷം കെട്ടി ജയിലിൽ നിന്നും രക്ഷപ്പെട്ട് തടവുകാരൻ. വെനസ്വേലക്കാരനായ മാനുവൽ ലോറെൻസോ അവില അൽവാറാഡോ എന്ന 25 കാരനാണ് ജയിലിൽ നിന്നും സ്ത്രീവേഷം കെട്ടി രക്ഷപ്പെട്ടത്. ഗാർഡുകൾ നോക്കിനിൽക്കെയാണ് സമഭാവം. കവർച്ച, കൊലപാതകം എന്നിവയാണ് ഇയാളുടെ പേരിലുള്ള കുറ്റം. മാർച്ച് 13 -ന് സന്ദർശനസമയം അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് ഇയാൾ ജയിൽ ചാടിയത്.
ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. വിഗ്ഗും സ്ത്രീകളുടെ വേഷവും ധരിച്ച മാനുവലിനെ തിരിച്ചറിയാൻ ജയിൽ ഗാർഡുകൾക്ക് പോലും കഴിഞ്ഞില്ല. ഇതോടെ ഗാർഡുകളെ പറ്റിച്ചുകൊണ്ട് ഇയാൾ ജയിലിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. ജയിലിലെ സിസിടിവി ദൃശ്യങ്ങളനുസരിച്ച് ഇയാൾ രക്ഷപ്പെടുന്നത് സ്ത്രീകളായ സന്ദർശകർക്കൊപ്പമാണ്. സന്ദർശനസമയം അവസാനിച്ചതിനാൽ നിരവധി സ്ത്രീകൾ അതുവഴി ജയിലിന് പുറത്തേക്ക് പോകുന്നുണ്ടായിരുന്നു. ഇവർക്കൊപ്പം സ്ത്രീവേഷത്തിൽ മാനുവലും പുറത്തേക്കിറങ്ങുകയായിരുന്നു. പ്രാദേശിക പത്രമായ എൽ കാരബോബെനോ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സംഭവത്തോടെ നാല് ഗാർഡുകളെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. മാനുവലിന്റെ കാമുകിയാണ് അയാളെ സ്ത്രീവേഷം കെട്ടാനും അവിടെ നിന്നും രക്ഷപ്പെടാനും സഹായിച്ചത്. അവൾക്ക് വേണ്ടിയും തിരച്ചിൽ നടക്കുന്നുണ്ട്. എന്നാൽ, രണ്ടുപേരെയും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല.
\