സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 50,200 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 25 രൂപ കുറഞ്ഞ് 6,275 രൂപ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. സർവകാല റെക്കോർഡിൽ നിന്നാണ് ഇന്ന് സ്വർണവില താഴേക്കിറങ്ങിയിരിക്കുന്നത്. ഗ്രാമിന് 6,275 രൂപയാണ് ഇന്നത്തെ വില നിലവാരം. ആഗോളതലത്തിൽ സ്വർണവില നേരിയ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ഇന്നലെ കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി സ്വർണവില 50,000 രൂപ കവിഞ്ഞിരുന്നു. 50,400 രൂപയായിരുന്നു ഇന്നത്തെ വില നിലവാരം.
അന്താരാഷ്ട്ര തലത്തിൽ നേരിയ നഷ്ടത്തിലാണ് സ്വർണത്തിന്റെ വ്യാപാരം നടക്കുന്നത്. ട്രോയ് ഔൺസിന് 1.61 ഡോളർ (0.07 ശതമാനം) താഴ്ന്ന് 2232.75 ഡോളർ എന്നതാണ് വില. പലിശ നിരക്കുകൾ ഈ വർഷം കുറയ്ക്കുമെന്ന യുഎസ് ഫെഡിന്റെ പ്രഖ്യാപനം നിലവിൽ സ്വർണവില ഉയരാൻ കാരണമായിട്ടുണ്ട് . യുഎസ് ഡോളറിന്റെ മൂല്യ ശോഷണവും മറ്റൊരു കാരണമാണ്. ഇതോടെ, പലിശ നേട്ടം കുറവുള്ള യുഎസ് ബോണ്ട്, ട്രഷറി നിക്ഷേപങ്ങളിൽ നിന്ന് വൻകിട നിക്ഷേപകർ കൂട്ടത്തോടെ സ്വർണത്തിലേക്ക് ചുവടു മാറിയതും തിരിച്ചടിയായി. ലോക രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടുന്നതും ഡിമാൻഡ് ഉയർത്തിയിട്ടുണ്ട്.