മ്യൂച്ചല്‍ ഫണ്ടില്‍ അഞ്ച് ലക്ഷം രൂപ, ഒരു ചേതക് സ്‌കൂട്ടര്‍: ധനമന്ത്രി നിര്‍മലാ സീതാരാമന്റെ സ്വത്ത് വിവരങ്ങൾ ഇങ്ങനെ


ലോക്സഭ തെരഞ്ഞെടുപ്പിന്റെ ചൂടിലാണ് രാജ്യം. നാളുകൾക്ക് മുൻപ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള പണം തന്റെ കയ്യില്‍ ഇല്ലെന്നും അതിനാല്‍ മത്സരിക്കാനുള്ള അവസരം വേണ്ടെന്ന് വച്ചെന്നും ധനമന്ത്രി നിർമല സീതാരാമൻ വെളിപ്പെടുത്തിയത് വലിയ വാർത്തയായിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക രംഗം കൈകാര്യം ചെയ്യുന്ന ധനമന്ത്രിയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പണം ഇല്ല എന്നത് പലരും വിശ്വസിക്കുന്നില്ല. എന്നാൽ ഇപ്പോൾ നിർമ്മല സീതാരാമന്റെ സ്വത്ത് വിവരങ്ങൾ പുറത്തു വന്നിരിക്കുകയാണ്.

read also: ബി.ജെ.പിയുടെ എട്ടാം ഘട്ട ലിസ്റ്റിൽ മുൻ നയതന്ത്രജ്ഞൻ തരൺജിത് സന്ധു, ഗുരുദാസ്പൂരിൽ സണ്ണി ഡിയോൾ ഔട്ട്

2022ല്‍ ധനമന്ത്രി പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്ന തന്റെ സ്വത്ത് വിവരങ്ങള്‍ അനുസരിച്ച്‌ നിർമല സീതാരാമന്റെ മൊത്തം ആസ്തി 2.53 കോടി രൂപയാണ്. 2 കോടിയിലധികം വരുന്ന ആസ്തിയില്‍ ഏകദേശം 26 ലക്ഷത്തിലധികം ബാധ്യതകള്‍ ധനമന്ത്രിക്ക് ഉണ്ടെന്നാണ് സൂചിപ്പിക്കുന്നത്. തെലങ്കാനയിലെ ഹൈദരാബാദിനടുത്തുള്ള മഞ്ചിരേവുളയിലുള്ള ഒരു ആഡംബര വീട് ഭർത്താവ് ഡോ. പരകാല പ്രഭാകറിനൊപ്പം ചേർന്ന് നിർമല സീതാരാമൻ സ്വന്തമാക്കിയിട്ടുണ്ട്. 2016ല്‍ ഇതിന്റെ വില 99.36 ലക്ഷം രൂപയായിരുന്നു. എന്നാല്‍ 2022-ല്‍ ഈ വസ്തുവിന്റെ വില 1.7 കോടി രൂപയായി ഉയർന്നിട്ടുണ്ട്. ഇതിന് പുറമെ കുന്ത്ലൂരില്‍ കാർഷികേതര ഭൂമിയും രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിൻ്റെ മൂല്യം ഏകദേശം 17.08 ലക്ഷം രൂപയാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

കൂടാതെ 2016ലും 2022ലും ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ച സ്വത്തുവിവരങ്ങളില്‍ അവർക്ക് ഒരു കാർ പോലും ഇല്ല. ധനമന്ത്രിക്ക് സ്വന്തമായുള്ള വാഹനം ഒരു ചേതക് സ്‌കൂട്ടറാണ്. ഇതിന് 28,200 രൂപ മാത്രമാണ് വില വരുന്നത്. 7.87 ലക്ഷം രൂപ വിലമതിക്കുന്ന 315 ഗ്രാം സ്വർണവും 3.98 ലക്ഷം രൂപ വരുന്ന വെള്ളിയും തൻ്റെ പക്കലുണ്ടെന്നും ധനമന്ത്രി വെളിപ്പെടുത്തിയിരുന്നു. 2022 ല്‍ സ്വത്ത് വിവരങ്ങള്‍ പ്രഖ്യാപിക്കുന്ന സമയത്ത്, ധനമന്ത്രി നിർമ്മല സീതാരാമൻ്റെ പക്കല്‍ 7,350 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് വ്യക്തമാക്കിയത്.