ബെംഗളൂരു: വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് കാമുകിയെ കുത്തിക്കൊലപ്പെടുത്തി യുവാവ്. ക്യാബ് ഡ്രൈവർ ആയ 35 കാരനാണ് കാമുകിയെ കൊലപ്പെടുത്തിയത്. തുടർന്ന് പോലീസ് സ്‌റ്റേഷനിൽ കയറിയ ഇയാൾ കുറ്റം സമ്മതിച്ചു. കുത്തേറ്റ യുവതി മരിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച വൈകീട്ട് നഗരത്തിലെ ശാലിനി ഗ്രൗണ്ട് പരിസരത്താണ് സംഭവം.
ബംഗളൂരുവിലെ ജയനഗർ സ്വദേശിയായ ഗിരീഷ് ആണ് പശ്ചിമ ബംഗാൾ സ്വദേശിനിയായ ഫരീദ ഖാത്തൂൺ എന്ന 42 കാരിയെ കൊലപ്പെടുത്തിയത്. നഗരത്തിലെ തന്നെ സ്പായിലെ ജോലിക്കാരിയായിരുന്നു ഇവർ. ഗിരീഷും ഫരീദയും കഴിഞ്ഞ 10 വർഷമായി പരസ്‌പരം അറിയാമെന്നും അവർ തമ്മിൽ അടുപ്പത്തിലാണെന്നും ഡിസിപി പറഞ്ഞു.
2011ൽ ഗിരീഷ് ഇസ്ലാം മതം സ്വീകരിച്ചിരുന്നു. സഹോദരിയുടെ വിവാഹം നടക്കാത്തതിനെ തുടർന്നായിരുന്നു ഇത്. സഹോദരിക്ക് യോജിച്ച ഒരാളെ കണ്ടെത്തുന്നതിനായി മതം മാറിയെങ്കിലും പിന്നീട് ഇയാൾ തന്റെ പഴയ പേര് തന്നെ സ്വീകരിച്ചു. എന്നാൽ, ചില ഇസ്‌ലാമിക ആചാരങ്ങളെ ഇയാൾ മുറുകെ പിടിച്ചിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
മാർച്ച് 29 ന് ഗിരീഷിൻ്റെ ജന്മദിനത്തിന് മുൻപായി മാർച്ച് 26 നാണ് ഫരീദ തൻ്റെ പെൺമക്കളോടൊപ്പം പശ്ചിമ ബംഗാളിൽ നിന്ന് ബെംഗളൂരുവിലേക്ക് മടങ്ങിയത്. ഗിരീഷിൻ്റെ ജന്മദിനം അവനോടൊപ്പം ആഘോഷിക്കാനും അവളുടെ ഒരു മകൾക്കായി ഒരു കോളേജ് അന്വേഷിക്കാനും വേണ്ടിയായിരുന്നു ഇത്. സംഭവദിവസം ഷോപ്പിങ്ങിനും ഉച്ചഭക്ഷണത്തിനുമായി ഫരീദയെയും പെൺമക്കളെയും അനുഗമിച്ച ശേഷം അവർ ഹോട്ടലിലേക്ക് മടങ്ങി.
അന്ന് വൈകുന്നേരം ശാലിനി ഗ്രൗണ്ടിൽ വെച്ച് ഗിരീഷ് ഫരീദയോട് വിവാഹാഭ്യർത്ഥന നടത്തിയെങ്കിലും അവർ നിരസിക്കുകയായിരുന്നു. രോഷാകുലനായ ഗിരീഷ് ഇവരെ ഇവിടെ വെച്ച് ഒന്നിലധികം തവണ കുത്തുകയും തുടർന്ന് ജയനഗർ പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയും ചെയ്തു.
ഐപിസി സെക്ഷൻ 302 പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് ഡിസിപി (സൗത്ത്) ശിവപ്രകാശ് ദേവരാജു പറഞ്ഞു. ശാലിനി ഗ്രൗണ്ടിൻ്റെ കോണിപ്പടിയിൽ ഒരു സ്ത്രീയുടെ മൃതദേഹത്തെക്കുറിച്ച് ശനിയാഴ്ച രാത്രി 8.30 ഓടെ ‘112’ ഹെൽപ്പ് ലൈനിൽ പോലീസിന് ഒരു കോൾ ലഭിച്ചു. സ്ഥലത്തെത്തിയ പോലീസ് സംഘം ഇവരുടെ ശരീരത്തിൽ കുത്തേറ്റ പാടുകൾ തിരിച്ചറിഞ്ഞു. എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസ് അന്വേഷിക്കുന്നതിനിടെയാണ് ഗിരീഷ് പോലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ചത്.