ഇടുക്കി: ഒരാഴ്ചയിലേറെ മോർച്ചറിയിൽ തണുപ്പിൽ കാത്തുകിടന്നിട്ടും ആമിയെ കാണാൻ അച്ഛനായില്ല. ഒടുവിൽ അൽപ ജീവനിലേയ്ക്ക് മടങ്ങിവന്ന അമ്മയും അനിയനും ചേർന്ന് ആമിക്ക് അന്ത്യയാത്ര നൽകി. കഴിഞ്ഞ മാർച്ച് 24ന് കമ്പംമെട്ട് ചേറ്റുകുഴിയിൽ കെ.എസ്.ആർ.ടി.സി ബസ് ടവേര വാനിലിലിടിച്ച് മരിച്ച അച്ചക്കട കാട്ടേഴത്ത് എബി -അമലു ദമ്പതികളുടെ മകൾ ആമി എൽസ(5) യുടെ സംസ്കാരമാണ് ഒരാഴ്ചയ്ക്ക് ശേഷം നടന്നത്.
അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ഇപ്പോഴും ചികിത്സയിൽ കഴിയുന്ന ആമിയുടെ മാതാപിതാക്കൾ, അനിയൻ, വല്യച്ചൻ, വല്യമ്മ എന്നിവരുടെ ആരോഗ്യ നില മെച്ചമാകുന്നത് കാത്താണ് ഇത്രയും ദിവസം സംസ്കാരം നീണ്ടു പോയത്. ഒരാഴ്ചയിലേറെ കാത്തിരുന്നിട്ടും പിതാവ് എബിയുടെയും മാതാപിതാക്കളുടെയും ആരോഗ്യനില മെച്ചപ്പെട്ടിട്ടില്ല. ഇപ്പോഴും പാലായിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ഇവരോട് ഇതുവരെയും ആമിയെ നഷ്ടമായ വിവരം അറിയിച്ചിട്ടില്ല.
ആരോഗ്യ നിലയിൽ അൽപ്പം പുരോഗതി കൈവരിച്ച മാതാവ് അമലുവിനെ ഇന്നലെയാണ് വിവരം അറിയിച്ചത്. ചികിത്സയ്ക്ക് പിന്നാലെ കൗൺസിംഗിനും ശേഷമായിരുന്നു അമലുവിനോട് മകളുടെ വേർപാട് അറിയിച്ചത്. രണ്ടര വയസുകാരനായ ആമിയുടെ അനിയൻ എയ്ഡനൊപ്പം എത്തിയ അമലു ഏവർക്കും വേദനയായി. അപകടത്തിൽ പരിക്കേറ്റവർ പാലായിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. തലയ്ക്കും മുഖത്തും മൂക്കിനും നെഞ്ചിനുമൊക്കൊയാണ് അമലുവിൻ്റെ പരിക്ക്. വാഹനം ഓടിച്ചിരുന്ന എബിക്ക് ഇടിയുടെ ശക്തിയിൽ ആന്തരികാവയങ്ങൾക്ക് ക്ഷതമേറ്റിട്ടുണ്ട്.
കഴിഞ്ഞ 24 ന് കമ്പംമെട്ട് ചേറ്റുകുഴി ബഥനി സ്കൂളിന് സമീപത്ത് വെച്ച് കെ.എസ്.ആർ.ടി.സി ബസ് ടവേര വാനിലിടിച്ചായിരുന്നു അപകടം. മലയാറ്റൂർ തീർത്ഥാടനം കഴിഞ്ഞു മടങ്ങിയെത്തവേ വീടിന് കിലോ മീറ്ററുകൾ മാത്രം അകലെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ടവേര വാൻ പൂർണമായും തകർന്നു. ഗുരുതരമായി പരുക്കേറ്റ യാത്രികരെ ജെ.സി.ബി ഉപയോഗിച്ച് വാഹനം പൊളിച്ചാണ് പുറത്തെടുത്തത്.