1974ൽ കച്ചത്തീവ് ഉപേക്ഷിക്കാൻ ഇന്ദിരാഗാന്ധി തീരുമാനിച്ചതിന് പിന്നിൽ ഡിഎംകെയുടെ പിന്തുണ ഉണ്ടായിരുന്നു: നരേന്ദ്രമോദി


ന്യൂഡൽഹി: 1974ൽ കച്ചത്തീവ് ഉപേക്ഷിക്കാൻ കോൺഗ്രസ് തീരുമാനിച്ചതിന് പിന്നിൽ ഡിഎംകെയുടേയും പിന്തുണ ഉണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഡിഎംകെ അണികൾ പരസ്യ പ്രതിഷേധം ഉയർത്തിയെങ്കിലും, ദ്വീപ് ശ്രീലങ്കയ്‌ക്ക് കൈമാറാനുള്ള ഇന്ദിരാഗാന്ധി സർക്കാരിന്റെ തീരുമാനത്തെ അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രി എം കരുണാനിധി അനുകൂലിച്ചുവെന്നാണ് മോദി വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച ഔദ്യോഗിക രേഖകളും പ്രധാനമന്ത്രി സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.

കച്ചത്തീവ് വിഷയത്തിലൂടെ ഡിഎംകെയുടെ ഇരട്ടത്താപ്പ് മറനീക്കി പുറത്ത് വന്നതായും പ്രധാനമന്ത്രി പറയുന്നു. കോൺഗ്രസും ഡിഎംകെയും കുടുംബ യൂണിറ്റുകളാണ്. സ്വന്തം മക്കളുടെ ഉയർച്ചയിൽ മാത്രമാണ് അവർക്ക് ശ്രദ്ധയുള്ളത്. മറ്റ് ആരെയും അവർ പരിഗണിക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യുന്നില്ല. കച്ചത്തീവിനോട് അവർ ചെയ്ത കാര്യങ്ങൾ പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ താത്പര്യങ്ങളെ ഹനിക്കുന്നതാണെന്നും പ്രധാനമന്ത്രി പറയുന്നു.

ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും തകർക്കുകയോ ദുർബലപ്പെടുത്തുകയോ ചെയ്യുന്നതാണ് കഴിഞ്ഞ 75 വർഷമായി കോൺഗ്രസിന്റെ പ്രവർത്തനശൈലിയെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 1974ൽ ഇന്ദിരാഗാന്ധി സർക്കാരിന്റെ കാലത്ത് കച്ചത്തീവ് ശ്രീലങ്കയ്‌ക്ക് വിട്ടുനൽകാനുള്ള തീരുമാനം സ്വീകരിച്ചതുമായി ബന്ധപ്പെട്ടായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.

കച്ചത്തീവ് ശ്രീലങ്കയ്‌ക്ക് വിട്ടുകൊടുക്കാൻ കോൺഗ്രസും ഡിഎംകെയും ഒത്തുകളിക്കുകയായിരുന്നുവെന്ന് തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ കെ.അണ്ണാമലൈയും ആരോപിച്ചു. കച്ചത്തീവ് വിട്ടുകൊടുത്തതിൽ ഡിഎംകെ നടത്തിയ വഞ്ചന തുറന്ന് കാട്ടപ്പെടണം. തീരുമാനം എടുക്കുന്നതിന് മുൻപായി അന്നത്തെ മുഖ്യമന്ത്രി കരുണാനിധിയുമായി രണ്ട് തവണ കൂടിയാലോചന നടന്നിരുന്നു. എം.കെ സ്റ്റാലിനും ഇതിന്റെയെല്ലാം ഭാഗമാണ്. കഴിഞ്ഞ 50 വർഷമായി മത്സ്യത്തൊഴിലാളികളുടെ ജീവനും ഉപജീവനമാർഗവുമെല്ലാം അപകടത്തിലാണ്. ഈ വഞ്ചനയ്‌ക്ക് സ്റ്റാലിൻ നിരുപാധികം മാപ്പ് പറയണമെന്നും അണ്ണാമലൈ ആവശ്യപ്പെട്ടു.