14വയസിൽ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചു, 3വർഷം കഴിഞ്ഞപ്പോൾ സംശയരോഗം: 17കാരിയെ കഴുത്തുഞെരിച്ചു കൊന്ന ഭർത്താവ് അറസ്റ്റിൽ



അബോധാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ച പതിനേഴുകാരിയുടെ മരണം കൊലപാതകമെന്ന് പോലീസ്. സംഭവത്തിൽ പെൺകുട്ടിയുടെ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴുത്ത് ഞെരിച്ച് അബോധാവസ്ഥയിലാക്കിയ ശേഷം ഇയാള്‍തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. ഡോക്ടർമാരോട് ഇയാൾ അറിയിച്ചത് കുഴഞ്ഞുവീണതാണെന്ന് ആണ്.

മാര്‍ച്ച് 27-നാണ് പെണ്‍കുട്ടിയെ ഭര്‍ത്താവ് അബോധാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ചത്. വീട്ടില്‍ ജോലിചെയ്യുന്നതിനിടെ ഭാര്യ ബോധംകെട്ട് വീണെന്നായിരുന്നു ഇയാളുടെ മൊഴി. തുടര്‍ന്ന് ചികിത്സയിലിരിക്കെ പെണ്‍കുട്ടി മരിച്ചു. എന്നാല്‍, 17-കാരിയുടെ കഴുത്തില്‍ കണ്ട പാടുകള്‍ സംശയത്തിനിടയാക്കി. ഇതോടെ ഡോക്ടര്‍മാര്‍ പോലീസിനെ വിവരമറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിലും മൃതദേഹപരിശോധനയിലും സംഭവം കൊലപാതകമാണെന്ന് തെളിയുകയായിരുന്നു.

പെണ്‍കുട്ടിയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. മറ്റൊരാളുമായി രഹസ്യബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കൃത്യം നടത്തിയതെന്നാണ് പ്രതിയുടെ മൊഴി. ഭാര്യ സ്ഥിരമായി മൊബൈല്‍ഫോണില്‍ ഒരാളുമായി സംസാരിക്കാറുണ്ടെന്നും മൊബൈല്‍ഫോണ്‍ തൊടാന്‍പോലും തന്നെ സമ്മതിക്കാറില്ലെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ കൊലപാതകത്തിന് പുറമേ ബലാത്സംഗത്തിനും ശൈശവവിവാഹ നിരോധന നിയമപ്രകാരവും പ്രതിക്കെതിരേ കേസെടുത്തതായി പോലീസ് അറിയിച്ചു.

അകന്നബന്ധു കൂടിയായ പ്രതി മൂന്നുവര്‍ഷം മുമ്പാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ബന്ധുക്കളുടെ നിര്‍ബന്ധപ്രകാരം പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഇവരുടെ വിവാഹം നടത്തികൊടുത്തു. സംഭവത്തില്‍ യുവാവിനെതിരേ പോലീസില്‍ പരാതിയും നല്‍കിയിരുന്നില്ല. ദമ്പതിമാര്‍ക്ക് ഒന്നരവയസ്സുള്ള മകളുണ്ട്.