മൂവരും കൈ ഞരമ്പ് മുറിച്ചത് ബ്ലേഡ് ഉപയോഗിച്ച്, മുറിയിൽ മദ്യക്കുപ്പികൾ: ഇന്നലെ പുറത്ത് കണ്ടില്ലെന്ന് ഹോട്ടൽ ജീവനക്കാർ
ഇറ്റാനഗർ: കോട്ടയം സ്വദേശികളായ ദമ്പതിമാരെയും തിരുവനന്തപുരത്തുനിന്ന് കാണാതായ അധ്യാപികയെയും അരുണാചൽ പ്രദേശിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് അരുണാചൽ പോലീസ്. മൂവരും തമ്മിൽ മൽപ്പിടുത്തമുണ്ടായ ലക്ഷണങ്ങളില്ലെന്ന് അരുണാചലിലെ പോലീസ് ഉദ്യോഗസ്ഥൻ മാതൃഭൂമിയോട് പ്രതികരിച്ചു. തിങ്കളാഴ്ച ഇവരെ ഹോട്ടൽ മുറിക്ക് പുറത്ത് ഇവരെ കണ്ടിരുന്നില്ലെന്ന് ഹോട്ടലിലെ റിസപ്‌ഷനിസ്റ്റ് പറഞ്ഞെന്നും ഇദ്ദേഹം വ്യക്തമാക്കി.
നവീന്റെ ഡ്രൈവിങ് ലൈസൻസിന്റെ കോപ്പിയായിരുന്നു മുറിയെടുക്കുന്നതിനായി ഹോട്ടലിൽ ഇവർ നൽകിയത്. ഹോട്ടലുകാരാരും ഇവരെ തിങ്കളാഴ്ച കണ്ടിട്ടില്ല. മൃതദേഹങ്ങൾക്കരികെ ബ്ലേഡും മദ്യക്കുപ്പികളുണ്ടായിരുന്നു. ബ്ലേഡ് ഞെരമ്പ് മുറിക്കാനുപയോഗിച്ചതാകാമെന്നാണ് നിഗമനം. ഫോറൻസിക് ഉദ്യോഗസ്ഥരെത്തി പരിശോധിച്ചാലേ കൂടുതൽ വിശദാംശങ്ങൾ ലഭ്യമാകൂ.
അതേസമയം, കോട്ടയം സ്വദേശികളായ നവീൻ, ഭാര്യ ദേവി, ദേവിയുടെ സുഹൃത്ത് ആര്യ എന്നിവരുടെ നവമാധ്യമ ഇടപെടലുകൾ വിശദമായി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. ബ്ളാക്ക് മാജിക്കിന് ഇരയായാണോ ഇവരുടെ മാറണമെന്നാണ് ഉദ്യോഗസ്ഥർ സംശയിക്കുന്നത്. ഒപ്പം, മരിക്കാന്‍ അരുണാചൽ എന്തുകൊണ്ട് തെരഞ്ഞെടുത്തുവെന്നും പൊലീസ് അന്വേഷിക്കും. ആര്യയെ കാണാനില്ലെന്ന് കാട്ടി പിതാവ് നൽകിയ പരാതിക്കൊടുവിലാണ് കൂട്ടമരണം പുറത്തുവന്നത്.