സർജറി കഴിഞ്ഞ് രണ്ടാഴ്ചയായി, ശബ്ദം തീരെ ഇല്ല: എ ഐ വഴി മറുപടി നല്‍കി താര കല്യാണ്‍


കുടുംബ പ്രേക്ഷകരുടെ പ്രിയ താരമാണ് താര കല്യാൺ. നടിയുടെ ശബ്ദം നഷ്ടപ്പെട്ട വാർത്ത വലിയ രീതിയില്‍ ചർച്ചയായിരുന്നു. ഇപ്പോഴിതാ രോഗവും ചികിത്സയും സംബന്ധിച്ച ഒരു വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് താര കല്യാണും ചികിത്സിക്കുന്ന ഡോക്ടറും.

സ്വന്തം യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വിഡിയോയില്‍ എ ഐ സംവിധാനം വഴിയാണ് താര കല്യാണ്‍ സംസാരിച്ചത്. തുടർന്ന് രോഗത്തെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ഡോക്ടറും പങ്കുവെച്ചു.

‘സർജറി കഴിഞ്ഞ് രണ്ടാഴ്ചയായി. ശബ്ദം തീരെ ഇല്ലെന്നുതന്നെ പറയാം. വീഡിയോ എടുക്കുന്നത് എഐ വഴിയാണ്. എത്രയും വേഗം ശബ്ദം തിരികെ കിട്ടി സ്വന്തം ശബ്ദത്തില്‍ വീഡിയോ എടുക്കണമെന്ന് ആഗ്രഹമുണ്ട്’, -താര കല്യാണ്‍ പറയുന്നു. ഡോക്ടറാണ് കൂടുതൽ വിവരങ്ങള്‍ പങ്കുവെച്ചത്.

read also: ‘ഈ മത വെറിയന്മാരുടെ യഥാർത്ഥ ഉദ്ദേശം മനസ്സിലായപ്പോൾ പരസ്യമായി തന്നെ ഇവരെ തള്ളി പറയാനും ഞാൻ മടി കാണിച്ചിട്ടില്ല’: പി.സി

താര കല്യാണിന്റെ ഡോക്ടരുടെ വാക്കുകൾ ഇങ്ങനെ,

ഉറപ്പായും ശബ്ദം തിരികെ വരും. എല്ലാ രോഗികളിലും അത് തിരികെ കിട്ടാൻ സമയത്തില്‍ വ്യത്യാസം വരും. സ്പാസ്മോഡിക് ഡിസ്ഫോനിയ എന്ന പേര് ഭീകരമാണെങ്കിലും രോഗം അത്ര ഭീകരം അല്ല. വ്യക്തമായ കാരണം അറിയില്ല. പക്ഷെ ഇത് ഉണ്ടാകുന്നത് ഒരു പക്ഷെ ശബ്ദം ഒരുപാട് സമയം ഉപയോഗിക്കുന്നതുകൊണ്ടാകാം. സാധാരണ ഇതിന്റെ മെഡിസിനെന്ന് പറയുന്നത് ബോട്ടോക്സാണ്. അത് വോക്കല്‍ കോഡിലേക്ക് ഇൻജെക്റ്റ് ചെയ്യുക എന്നുള്ളതാണ് പതിവ്. എന്നാല്‍ ആറുമാസത്തില്‍ കൂടുതല്‍ അതിന്റെ എഫെക്‌ട് കിട്ടാൻ പ്രയാസമാണ്. എങ്കിലും കൂടുതലും ആളുകള്‍ ഇതാണ് എടുക്കുന്നത്. കേരളത്തിലെ ജനസംഖ്യയില്‍ ആയിരം പേരോളം ആളുകള്‍ ഈ രോഗം സഹിക്കുന്നവരാണ്. സർജറി ചെയ്യാൻ ചിലർക്ക് ഭയമാണ്.

ഇൻജെക്ഷൻ ഭയമില്ല. വോക്കല്‍ കോഡില്‍ ഇൻജെക്ഷൻ ചെയ്യുന്നത് ഇന്ത്യയില്‍ തന്നെ വളരെ കുറച്ച്‌ സെന്ററുകളിലാണ്. രണ്ട്മൂന്നുതരം സർജറികളുണ്ട്. അകത്തൂടെയും പുറത്തൂടെയും ചെയ്യാറുണ്ട്. പാടുകള്‍ വരാൻ താത്പര്യം ഇല്ലാത്തവർക്ക് ഉള്ളിലൂടെ സർജറി ചെയ്യുന്നതാണ് നല്ലത്. ബോട്ടോക്സ് കൊടുക്കുന്നതിനെക്കാള്‍ എഫക്ടാണ് സർജറിക്ക് ലഭിക്കുന്നത്. എൻഡോസ്കോപ്പിക് തൈറോ അരിറ്റിനോയിഡാണ് നമ്മള്‍ ചെയ്തത്. രണ്ടാഴ്ച കൊണ്ട് ശബ്ദം തിരികെ വരണം എന്നാണ്. ഉറപ്പായും താരക്ക് ശബ്ദം വരും. ഇത് ഒറ്റപ്പെട്ട രോഗാവസ്ഥയല്ല. കേരളത്തില്‍ തന്നെ ഈ രോഗം വന്ന പലരുമുണ്ട്. വക്കീലന്മാരും ടീച്ചേഴ്‌സും അടക്കം പലരും. അതുകൊണ്ട് പേടിക്കാനൊന്നും ഇല്ല. ജീവന് ഭീഷണിയുള്ള അസുഖമല്ല. പക്ഷെ കുറച്ച്‌ പെയിന്‍ഫുള്ളാണ്. സംസാരിച്ചുകൊണ്ടിരിയ്ക്കുന്ന ആള്‍ക്കാര്‍ക്ക് പെട്ടന്ന് അതിന് സാധിക്കാതെ വരുമ്പോഴുള്ള പ്രശ്‌നവുമുണ്ട്.- , ഡോക്ടർ പറഞ്ഞു.