2023-24 ലെ ഇന്ത്യയുടെ ജിഡിപി വളർച്ച 7.5 ശതമാനമായി ഉയരുമെന്ന് ലോകബാങ്ക്


ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 2024ൽ 7.5 ശതമാനം വളർച്ച കൈവരിക്കുമെന്ന പ്രവചനവുമായി ലോകബാങ്ക്. ഇത് ലോക ബാങ്ക് മുമ്പേ പ്രവചിച്ചതിൽ നിന്നും 1.2 ശതമാനം കൂടുതലാണ്. ദക്ഷിണേഷ്യയെ കുറിച്ചുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റിലാണ് പുതുക്കിയ വളർച്ചാനിരക്ക് പ്രവചനം ലോകബാങ്ക് നടത്തിയിട്ടുള്ളത്.

ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ സേവനങ്ങളിലും വ്യവസായങ്ങളിലും ശക്തമായ പ്രവർത്തനത്തിൻ്റെ പശ്ചാത്തലത്തിലാണ് മുമ്പ് പ്രവചിച്ചതിലും കൂടുതലുള്ള വളർച്ച ഇന്ത്യൻ സമ്പദ് വ്യവസ്ഥ കൈവരിക്കുമെന്ന് ലോക ബാങ്ക് അനുമാനിക്കുന്നത്. ഏപ്രിൽ 2-ന് പുറത്തിറക്കിയ ഏറ്റവും പുതിയ സൗത്ത് ഏഷ്യ ഡെവലപ്‌മെൻ്റ് അപ്‌ഡേറ്റിൽ, ലോകബാങ്ക് ഈ മേഖലയ്ക്ക് ആരോഗ്യകരമായ വളർച്ചയാണ് പ്രവചിക്കുന്നത്, ഇത് പ്രാഥമികമായും കാരണമായി പറയുന്നത് ഇന്ത്യയുടെ ശക്തമായ പ്രകടനമാണ്.

2025-ൽ 6.1 ശതമാനം വളർച്ചാനിരക്ക് പ്രതീക്ഷിക്കുന്ന ദക്ഷിണേഷ്യ അടുത്ത രണ്ട് വർഷത്തേക്ക് ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന മേഖലയായി തുടരുമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

അതേസമയം, ഒക്‌ടോബർ-ഡിസംബർ പാദത്തിൽ രാജ്യത്തിൻ്റെ ജിഡിപിയിൽ മുമ്പ് പ്രതീക്ഷിച്ചതിലും അധികം, അതായത് 8.4 ശതമാനം എന്ന കുതിച്ചുചാട്ടം ഉണ്ടായതിനെ തുടർന്നാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചാ നിരക്കിൽ വർദ്ധനവ് ഉണ്ടായത്. ജനുവരി-മാർച്ച് പാദത്തിലും സമ്പദ്‌വ്യവസ്ഥ 8 ശതമാനം വളർച്ചാ നിരക്ക് രേഖപ്പെടുത്തുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.